ആലുവ മിനി സിവിൽ സ്റ്റേഷനിൽ വാഹന പാർക്കിംഗിന് സ്ഥലം അപര്യാപ്തമെന്ന്
1493217
Tuesday, January 7, 2025 6:37 AM IST
ആലുവ: മോട്ടോർ വകുപ്പ് നടത്തുന്ന പരിശീലന ക്ലാസുകൾ കാരണം ആലുവ മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർക്കും സന്ദർശർകർക്കും പാർക്കിംഗിന് സ്ഥലം ലഭിക്കുന്നില്ലെന്ന് പരാതി. റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാരാണ് ഇത് സംബന്ധിച്ച് തഹസിൽദാർക്ക് പരാതി നൽകിയത്.
ബുധനാഴ്ചകളിൽ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് ആലുവ മിനി സിവിൽ സ്റ്റേഷൻ അനക്സിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുന്നോടിയായുള്ള പഠന ക്ലാസുകൾ നടക്കുന്നത്. ക്ലാസിന് വരുന്നവർ തോന്നിയതുപോലെ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്നില്ല.
മാത്രമല്ല ഔദ്യോഗിക വാഹനങ്ങൾ പുറത്തെടുക്കാനും സാധിക്കുന്നില്ല. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഒന്നുകിൽ ക്ലാസ് 9.30ന് മുമ്പ് തീർക്കണം അല്ലെങ്കിൽ ക്ലാസിന് വരുന്നവരുടെ വാഹനം പുറത്ത് പാർക്ക് ചെയ്യിക്കണമെന്നും അല്ലെങ്കിൽ ക്ലാസ് നടത്താർ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നുമാണ് റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.