ഫ്രിഡ്ജിൽനിന്ന് ലഭിച്ച അസ്ഥികൂടത്തിന്റെ പോസ്റ്റുമോർട്ടം നടത്തി
1493384
Wednesday, January 8, 2025 4:21 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ കേസിൽ ശരീരാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടത്തി. എറണാകുളം ജനറലാശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു.
മൂന്നു കവറുകളിലായി കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾ ഒരാളുടേതല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടതായി പോലീസ് പറഞ്ഞു. ശരീര അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും നടത്തുമെന്നും പോലീസ് അറിയിച്ചു.
എറണാകുളത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര പാലസ് സ്ക്വയറിനടുത്തുള്ള മംഗലശേരി വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജിൽ നിന്നാണ് മൂന്നു കിറ്റുകളിലായി അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേകം കിറ്റുകളിലാണ് കണ്ടെത്തിയത്. മെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിന് ക്രമീകരിക്കുന്ന രീതിയിലാണ് അസ്ഥികൂടം സൂക്ഷിച്ചിരുന്നത്.
അസ്ഥികൂടം കണ്ടെത്തിയ വീട്ടിലേക്ക് 15 വർഷമായി പോകാറില്ലെന്നാണ് ഡോ. ഫിലിപ്പ് ജോൺ പോലീസിനോട് പറഞ്ഞത്. വ്യത്യസ്ത കവറുകളിലായി സൂക്ഷിച്ചിരുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ ഒരാളുടേതല്ലെന്ന് വ്യക്തമായതോടെ പഠനാവശ്യങ്ങൾക്ക് സൂക്ഷിച്ചതാകാമെന്നാണ് അനുമാനിക്കുന്നത്.
ഇതോടെ അസ്ഥികൂട ഭാഗങ്ങൾ ഇവിടെ എങ്ങനെയെത്തിയെന്നതിൽ വ്യക്തത വരാനുള്ളതിനാൽ സംഭവം സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിന് ഡോക്ടറോട് അടുത്ത ദിവസം ചോറ്റാനിക്കര സ്റ്റേഷനിൽ എത്തിച്ചേരാൻ നിർദ്ദേശിച്ചതായി പോലീസ് പറഞ്ഞു.