വിനോദയാത്രയല്ല ഇതല്ലേ കൂട്ടുകാരാ... വൈബ്
1493385
Wednesday, January 8, 2025 4:21 AM IST
ജിജു കോതമംഗലം
കോതമംഗലം: ഡിഗ്രി കോഴ്സ് തീരും മുന്പുള്ള അടിപൊളി വിനോദയാത്രയെക്കുറിച്ച് മാസങ്ങളായി അവർ ആലോചനകളും കണക്കുകൂട്ടലുകളും നടത്തിയിരുന്നു. എന്നാൽ അതിനേക്കാൾ ആവശ്യവും ആഹ്ലാദവും സഹപാഠിയുടെ ജീവിതത്തിലേക്ക് അലിവിന്റെ വെളിച്ചം വീശുകയാണെന്ന ബോധ്യത്തിലേക്ക് അവരെത്തിയത് വേഗത്തിലായിരുന്നു.
പിന്നീടൊന്നും ആലോചിച്ചില്ല... വിനോദയാത്രയ്ക്ക് പോകാൻ അവർ ശേഖരിച്ചു കരുതിവച്ചിരുന്ന 60,000 രൂപ കൊണ്ട്, ഭിന്നശേഷിയുള്ള പ്രിയ കൂട്ടുകാരനായി അവർ ഇലക്ട്രിക് വീൽചെയർ വാങ്ങി. അവന്റെ പിറന്നാൾ ദിനത്തിൽ തങ്ങളുടെ കരുതലിന്റെ വീൽചെയർ സഹപാഠികൾ സ്നേഹപൂർവം കൈമാറി.
കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ അവസാന വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളാണ് അലിവിന്റെയും പ്രചോദനത്തിന്റെയും പുതുപാഠമായത്. സഹപാഠിയായ അംജിത്തിന് അവർ വീൽചെയർ സമ്മാനിച്ചപ്പോൾ അഭിമാനവും അഭിനന്ദനവും അറിയിച്ചു കോളജ് മാനേജ്മെന്റും അധ്യാപകരും ഒപ്പം ചേർന്നു.
കോട്ടപ്പടി പ്ലാമുടി നെല്ലിതണ്ടിലെ പാട്ടേരുമാലിൽ അയ്യപ്പൻകുട്ടിയുടെയും അംബികയുടെയും മകനാണ് അംജിത്ത്. ജന്മനാ കൈയ്ക്കും കാലിനും ബലക്കുറവ് ഉണ്ടായിരുന്ന അംജിത്ത് ഭിന്നശേഷിക്കാരനെന്ന പരിമിതിയെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ചു പഠനത്തിൽ മിടുക്കനായി. മാതാവ് അംബികയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നാണ് അംജിത്തിന്റെ കോളജിലേക്കും വീട്ടിലേക്കുമുള്ള യാത്രകൾ.
കാന്പസ് മുറ്റത്ത് നിന്നു സഹപാഠികളുടെ കരുതലുള്ള വീൽ ചെയറിൽ ക്ലാസ് മുറിയിലേക്കും. ഇലക്ട്രോണിക് വീൽചെയർ അംജിത്തിന്റെ യാത്രകളിൽ ആയാസം കുറയ്ക്കുമെന്ന ചിന്തയിൽ നിന്നാണ് അതു വാങ്ങിനൽകാനുള്ള ദൗത്യം വിദ്യാർഥികൾ ഏറ്റെടുത്തത്. അതിനായി വിനോദയാത്രയ്ക്കുള്ള തുക ഉപയോഗിക്കാമെന്ന അഭിപ്രായം സന്തോഷത്തോടെ ഏവരും പിന്തുണച്ചു.
സഹപാഠികൾ സമ്മാനിച്ച ഇലക്ട്രോണിക് വീൽ ചെയർ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അംജിത്തിന് പിറന്നാൾ ദിനത്തിൽ കൈമാറി. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എ.എം. എൽദോസ്, അധ്യാപകരായ ഡോ. പുതുമ ജോയി, നീതു സലാം, ഡോ. മെറിൻ ജോയ്, നിനു തോമസ്,
കോളജ് യൂണിയൻ ചെയർപേഴ്സൺ ജോസ്മി ബിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളുടെ നല്ല മനസിനു പ്രോത്സാഹനമായി ക്ലാസിന്റെ വിനോദയാത്രയ്ക്കാവശ്യമായ തുക നൽകാൻ കോളജ് മാനേജ്മെന്റും തീരുമാനിച്ചിട്ടുണ്ട്.