കായിക താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണം: പിജിടിഎ
1493212
Tuesday, January 7, 2025 6:37 AM IST
കോതമംഗലം: ഒളിന്പിക്സ് മാതൃകയിൽ രാജ്യത്ത് ആദ്യമായി കൊച്ചിയിൽ നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയിൽ ചാന്പ്യൻ സ്കൂൾ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകൾക്ക് അടുത്ത കായികമേളയിൽ വിലക്ക് ഏർപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുനപരിശോധിച്ചു പിൻവലിക്കണമെന്നും എല്ലാ കായിക താരങ്ങൾക്കും അവസരം നൽകണമെന്നും പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂൾ കായികമേളയിൽ ചാന്പ്യൻ പട്ടത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ ഭാഗമായി പ്രതിഷേധമുയർത്തിയ കോതമംഗലം മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകളിലെ കായിക താരങ്ങൾക്കെതിരെ വിലക്ക് ഏർപ്പെടുത്തിയ നടപടി അപലപനീയമാണ്. നടപടി പിൻവലിച്ച് ഭാവിയിലെ താരങ്ങളാകേണ്ട എല്ലാ കുട്ടികൾക്കും തുല്യ അവസരം നൽകണമെന്ന് പിജിടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി ആന്റണി അധ്യക്ഷത വഹിച്ചു.
സുധീർ ചന്ദ്രൻ, ബിൻസണ് തരിയൻ, കെ. ഷബീർ, മാർട്ടിൻ സൈമണ്‍, ജോസ് മാത്യു, ചാൾസ് അലക്സ്, ടോം ജോണ്‍, ജിബി തോമസ്, സിജു തോമസ്, ഗ്ലാനീസ് ബേബി, രശ്മി എം. മജി എന്നിവർ പ്രസംഗിച്ചു.