കോർപറേഷനിൽ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി നിലനിര്‍ത്തി എല്‍ഡിഎഫ്
1493388
Wednesday, January 8, 2025 4:21 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജഗദംബിക (അംബിക സുദര്ശന്) എതിരില്ലാതെ വിജയിച്ചു. കുന്നുംപുറം വാര്‍ഡ് കൗണ്‍സിലറാണ് ജഗദംബിക. ജയസാധ്യതയില്ലാത്തതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഭൂരിപക്ഷം ലഭിച്ചതോടെ എല്‍ഡിഎഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലനിര്‍ത്തി.
നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്ന എം.എച്ച്.എം. അഷറഫ് രാജി വച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശേഷം സിപിഎം പക്ഷത്തെത്തിയ ജെ. സനില്മോനാണ് ചെയര്മാന്. കമ്മിറ്റിയിലേക്ക് ഒരു സിപിഎം അംഗം കൂടി വന്നതോടെ സനില്മോന് അധ്യക്ഷനായി തുടരും.
ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്ന ജഗദംബിക ഇവിടുന്ന് രാജിവച്ചാണ് നഗരാസൂത്രണ കമ്മിറ്റിയിലേക്ക് എതിരില്ലാതെ മത്സരിച്ചത്. ഇതോടെ ടാക്സ് അപ്പീല്‍ കമ്മിറ്റിയില്‍ ഒരംഗത്തിന്റെ ഒഴിവ് വന്നിരിക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി ഈ ഒഴിവ് നികത്തണം. ബിജെപി അംഗമാണ് കമ്മിറ്റിയുടെ നാലംഗങ്ങളുള്ള യുഡിഎഫിന് ഇവിടേക്ക് ഒരാളെ ജയിപ്പിച്ചെടുക്കാനായാല് കമ്മിറ്റി പിടിച്ചെടുക്കാന്‍ സാധിക്കും.