അധികാരികളുടെ അനുമതിയില്ലാതെ സ്കൂളിനു മുന്നിൽ ട്രാൻസ്ഫോർമർ
1493394
Wednesday, January 8, 2025 4:33 AM IST
വരാപ്പുഴ: അധികാരികാരികളുടെ അനുമതിയില്ലാതെ നൂറോളം കുരുന്നുകളുടെ ജീവനു ഭീഷണിയായി കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി ഗവ. എൽപി സ്കൂളിനു മുന്നിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ.
പ്രദേശത്തെ ഒരു വ്യക്തിയുടെ വീട്ടിലേക്കു മാത്രം കണക്ഷൻ നൽകുന്നതിനാണു ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു ട്രാൻസ്ഫോമർ സ്ഥാപിച്ചിക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി.
സ്ഥലമുടമയുടെ അനുമതി പോലും ഇതിനായി തേടിയിട്ടില്ലെന്ന് അറിയുന്നു.
സംഭവത്തെ തുടർന്നു പ്രദേശവാസിയായ യുവാവ് ഇതിനെതിരെ ജില്ലാ കളക്ടറെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.നിലവിൽ തത്തപ്പിള്ളി മേഖലയിൽ നാളിതുവരെയായി യാതൊരുവിധ വോൾട്ടേജ് ക്ഷാമവും നേരിട്ടിട്ടില്ല.
പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചതിനു സമീപം തന്നെയായി രണ്ടു ട്രാൻസ്ഫോമറുകൾ നിലവിൽ സ്ഥിതിചെയ്യുന്നുണ്ട്. എന്നിട്ടും പഴയ ട്രാൻസ്ഫോമറുകളുടെ ക്ഷമത വർധിപ്പിക്കാതെ ഒരു വ്യക്തിയുടെ വീട്ടിലേക്കു വേണ്ടി മാത്രം കണക്ഷൻ നൽകാനായി പൊതുസ്ഥലത്തു പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
തത്തപ്പിള്ളിയിലെ സ്വകാര്യ വ്യക്തി പണമടച്ചാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നതാണെന്നാണു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം.