ഇടക്കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ട് : പ്രശ്നപരിഹാരത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും: സബ് കളക്ടർ
1493396
Wednesday, January 8, 2025 4:33 AM IST
പള്ളുരുത്തി: ഇടക്കൊച്ചി പ്രദേശത്തെ വേലിയേറ്റ സമയത്തുണ്ടാകുന്ന വെളളക്കെട്ട് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സബ് കളക്ടർ കെ. മീരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് ബന്ധപ്പെട്ടവരുടെ യോഗം ചേർന്നത്. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഇടക്കൊച്ചിയിൽ നാട്ടുകാർ റോഡ് തടഞ്ഞ് സമരം നടത്തിയിരുന്നു. ഇതെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് യോഗം വിളിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു.
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതി വേഗത്തിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. 300 മീറ്റർ നീളത്തിൽ പാർശ്വഭിത്തിയും, മൂന്ന് സ്ലൂയീസുകളും നിർമിക്കാൻ പദ്ധതി നേരത്തെ തയ്യാറാക്കിയതാണ്.
ഒരു കോടി രൂപയാണ് ഇതിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. തുക കൂടുതലായതിനാൽ കരാർ ഏറ്റെടുക്കാൻ ആരും തയാറായിരുന്നില്ല. ഈ ജോലികൾ പല റീച്ചുകളാക്കി വിഭജിച്ച് ടെൻഡർ ചെയ്യാൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനുള്ള അനുമതി വാങ്ങുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും.
വെള്ളക്കെട്ടിനെ തുടർന്ന് തകർന്ന വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. തകർന്ന വീടുകൾ സംരക്ഷിക്കുന്നതിന് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഫിഷ് ഫാമിന്റെ നിർമാണത്തെ തുടർന്ന് തകർന്ന പരുത്തിത്തറ റോഡും, കൽക്കെട്ടുകളും പുനർനിർമിക്കുന്നതിന് നടപടിയുണ്ടാകും. ഇതിന്റെ ചുമതല ഫിഷറീസ് വകുപ്പിനാണ്. അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. വേലിയേറ്റ സമയത്ത് ഫിഷ് ഫാമിൽ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ നടപടിയെടുക്കും.
പരുത്തിത്തറ നഗറിലെ ജനവാസ മേഖലയിൽ വീട്ടുമുറ്റങ്ങളിൽ നിന്ന് ഒലിച്ച് പോയ മണ്ണിന് പകരമായി കായലിൽ നിന്ന് എക്കൽ കോരിയെടുത്ത് കരയിൽ നിക്ഷേപിക്കണമെന്ന ആവശ്യവും പരിഗണിക്കും. ഇക്കാര്യത്തിൽ കൃഷി ഓഫീസർ നടപടിയെടുക്കും. പാടശേഖരത്തിൽ മത്സ്യക്കൃഷിക്ക് ലൈസൻസ് നൽകുമ്പോൾ, ബണ്ടുകളും, വരമ്പുകളും പരിപാലിച്ച് വെളളത്തിന്റെ അളവ് ക്രമീകരിക്കാൻ നിർദേശം നൽകും.
പ്രശ്ന പരിഹാരത്തിന് വിവിധ വകുപ്പുകൾ ചേർന്ന് പദ്ധതി തയാറാക്കാനും തീരുമാനിച്ചു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ എന്നിവരും ഇറിഗേഷൻ, ഫിഷറീസ്, നഗരസഭ, റവന്യു, പോലീസ്, ആരോഗ്യ വകുപ്പ്, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.