ചെല്ലാനം മോഡൽ കടൽഭിത്തി പ്രഖ്യാപനത്തിൽ ഒതുങ്ങി
1492951
Monday, January 6, 2025 4:38 AM IST
വൈപ്പിൻ: സുനാമി ദുരിത മേഖലയായ എടവനക്കാട് കടൽ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ച് ചെല്ലാനം മോഡൽ സംരക്ഷണഭിത്തി നിർമാണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതോടെ ജനകീയ സമര സമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അണിനിരത്തി തീരസംരക്ഷണ പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനായി 55.93 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പത്ര പ്രസ്താവനയെതുടർന്ന് സമരപരിപാടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നതാണ്.
എന്നാൽ നാലു മാസം കഴിഞ്ഞിട്ടും നിർമാണവുമായി ബന്ധപ്പെട്ട യാതൊരു നീക്കവും നടക്കാത്തതുകൊണ്ടാണ് വീണ്ടും സമര രംഗത്തേക്ക് ഇറങ്ങുന്നതെന്ന് സമിതി കൺവീനർ എസ്.വൈ. സംജാദ് അറിയിച്ചു.