ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠ സുവർണ ജൂബിലി
1492949
Monday, January 6, 2025 4:38 AM IST
പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 2025 ജനുവരി ഏഴ് ചൊവ്വാഴ്ചയാണ് സുവർണ ജൂബിലി ദിനം.
വിശുദ്ധ അന്തോണീസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരുന്ന ഇറ്റലിയിലെ പാദുവായിലുള്ള ദേവാലയത്തിൽനിന്നും 32 വർഷങ്ങൾക്ക് ശേഷം വിശുദ്ധന്റെ നാമധേയത്തിൽ നിർമിച്ച പുതിയ ബസലിക്കയിലേക്ക് വിശുദ്ധന്റെ ഭൗതികശരീരം മാറ്റി സ്ഥാപിക്കുന്നതിനായി പുറത്തെടുത്തപ്പോൾ ദൈവ വചനപ്രഘോഷണത്തിലൂടെയും ദൈവസ്തുതികൾ കൊണ്ടും അനുഗ്രഹീതമായ വിശുദ്ധന്റെ നാവ് അഴുകാത്തതായി കാണപ്പെട്ടു.
ഇന്നും പാദുവായിലെ ബസലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അഴുകാത്ത നാവിന്റെ ഒരംശമാണ് തിരുശേഷിപ്പായി ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദൈവാലയത്തിൽ 1975 ജനുവരി ഏഴിന് പ്രതിഷ്ഠിച്ചത്.
വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏക ദേവാലയമാണ് ചെട്ടിക്കാട് തീർഥാടന കേന്ദ്രം. അതിനാൽ കിഴക്കിന്റെ പാദുവ എന്നാണ് ചെട്ടിക്കാട് ദേവാലയം അറിയപ്പെടുന്നത്.
ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ റെക്ടർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ നിർവഹിച്ചു.
ഇന്ന് രാവിലെ ഏഴിന് ദിവ്യബലി വൈകിട്ട് ആറിന് ദിവ്യബലി, നൊവേന. നാളെ ജൂബിലി ദിനത്തിൽ രാവിലെ 10.30ന് ആഘോഷമായ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികനാകും.
തുടർന്ന് അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പേടകത്തിൽനിന്നും പുറത്തെടുത്ത് പ്രദക്ഷിണമായി വിശ്വാസികൾക്കരികിലേക്ക് കൊണ്ടുവരും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന ആരാധന എന്നിവ നടക്കും.