അരൂരിൽ വേലിയേറ്റ ദുരിതം
1492948
Monday, January 6, 2025 4:38 AM IST
അരൂർ: ആറാം വാർഡിൽ സാൻജോപുരം പള്ളിയുടെ തെക്ക് ഭാഗത്തുള്ള പ്രദേശത്ത് ശക്തമായ വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളക്കെട്ടിൽ ജനങ്ങൾ ദുരിതത്തിൽ. സ്ത്രീകളും കുഞ്ഞുങ്ങളും വയോധികരും രോഗികളും അടക്കം ഈ ഭാഗത്തു താമസിക്കുന്ന പലരും താൽക്കാലികമായി വീട് ഒഴിഞ്ഞു പോയിരിക്കുകയാണ്.
ആശുപത്രിയിലേയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി അരൂക്കുറ്റി റോഡിലേക്ക് എത്തുവാനായി വെള്ളക്കെട്ട് നീന്തണം എന്ന വിഷമാവസ്ഥയാണ്. ഈ ഭാഗത്തുള്ള തോട്ടിലെ ബണ്ട് നിർമാണവുമായി ബന്ധപ്പെട്ട അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
എല്ലാവർഷവും ഈ അവസ്ഥ ഉണ്ടെങ്കിലും നാളിതുവരെ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കണ്ടെത്തിയില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ആറാം വാർഡിൽ തുള്ളിക്കളം ജോർജിന്റെ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. പ്രാഥമിക കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
പ്രശ്നത്തിൽ കാര്യമായ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉപ്പ് വെള്ളം കയറുന്നതു മൂലം ഈ ഭാഗത്തുള്ള വീടുകൾക്കും കന്നുകാലികൾക്കും കോഴികൾക്കും അടുക്കളത്തോട്ടത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്.