തൃക്കാക്കര നഗരസഭ : രാത്രികാല അനധികൃത തട്ടുകടകൾ "പൊളിച്ചടുക്കി’
1492947
Monday, January 6, 2025 4:28 AM IST
കാക്കനാട്: നഗരസഭാ പരിധിയിലെ പാതയോരങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രാത്രികാല തട്ടുകടകൾ പോലീസിന്റെ സഹായത്തോടെ നഗരസഭാധികൃതർ പൊളിച്ചുകളഞ്ഞു. കഞ്ചാവ് എംഡിഎം എ, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിൽപ്പനയും ഇത്തരം രാത്രികാല തട്ടുകടകൾ കേന്ദ്രീകരിച്ചാണെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു.
ശനിയാഴ്ച അർധരാത്രിയോടെ ആരംഭിച്ച ജോലികൾ ഞായറാഴ്ച പുലർച്ചെ നാലു വരെ നീണ്ടതായി നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് പറഞ്ഞു. കാക്കനാടും പരിസരങ്ങളിലുമായി പത്തോളം തട്ടുകടകളും അനധികൃതമായി നടത്തിവന്ന ബംഗാൾ സ്വദേശിയുടെ കടകളും ഉദ്യോഗസ്ഥ സംഘത്തിന്റെ നിർദേശപ്രകാരം പൊളിച്ചുനീക്കി.
മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ 40 ചതുരശ്രയടി തട്ടുകടയും ഇയാൾ നടത്തിവരുന്നുണ്ട്. 10 ലക്ഷം വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളിൽനിന്നും കണ്ടെടുത്തിരുന്നു. ഇത്തരം ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിനും സംഭരിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
ജില്ലാ പഞ്ചായത്ത് മുതൽ ചിറ്റേത്തുകരവരെയും കാക്കനാട്, കുന്നുംപുറം, പടമുകൾ, എൻജിഒ ക്വാർട്ടേഴ്സ്, വാഴക്കാല, ചെമ്പുമുക്ക് വരെയും റോഡിന് ഇരുവശവുമായി പ്രവർത്തിച്ചിരുന്ന അനധികൃത കടകളാണ് നഗരസഭാധികൃതർ പൊളിച്ചു നീക്കിയത്.