കോർപറേഷനിൽ ടാക്സ് അപ്പീല്‍ കമ്മിറ്റി പിടിക്കാന്‍ കോണ്‍ഗ്രസ്
1492942
Monday, January 6, 2025 4:28 AM IST
കൊച്ചി: ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി ഭരിക്കുന്ന ടാക്സ് അപ്പീല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ച് കോണ്‍ഗ്രസ്. കമ്മിറ്റിയില്‍ അംഗബലം കൂടുതല്‍ കോണ്‍ഗ്രസിനാണെങ്കിലും ചെയര്മാന് സ്ഥാനം പിടിച്ചെടുക്കാനുള്ള ഭൂരിപക്ഷമില്ല.
എല്‍ഡിഎഫില്‍ നിന്നുള്ള ഒരംഗം രാജിവച്ചതിനാല്‍ യുഡിഎഫില്‍ നിന്ന് ഒരാളെ ജയിപ്പിച്ച് കമ്മിറ്റി പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇന്നു ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും.
കൊച്ചങ്ങാടി കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് രാജിവച്ചതിനെ തുടര്‍ന്ന് നഗരാസൂത്രണ സമിതിയില്‍ ഉണ്ടായ ഒഴിവ് നികത്താന്‍ ടാക്സ് അപ്പീല്‍ കമ്മിറ്റിയില്‍ നിന്നു അംബിക സുദര്‍ശനെ രാജിവയ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. അതോടെ കമ്മിറ്റിയിലെ എല്‍ഡിഎഫിന്റെ അംഗബലം രണ്ടായി കുറഞ്ഞു.
മുന്‍പ് നാലംഗങ്ങള്‍ ഉണ്ടായിരുന്ന ബിജെപിക്ക് നിലവില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെ രണ്ടു പേരെയുള്ളു. കോണ്‍ഗ്രസിനാകട്ടെ നാലംഗങ്ങളുടെ പിന്‍ബലമുണ്ട്. അംബിക രാജിവച്ച ഒഴിവിലേക്ക് യുഡിഎഫില്‍ നിന്ന് ഒരംഗത്തെ വിജയിപ്പിച്ചെടുക്കാനായാല് കമ്മിറ്റി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്.
നാലംഗങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ടാക്സ് അപ്പീല്‍ കമ്മിറ്റി ബിജെപി നേടിയത്. പിന്നീട് ബിജെപിയുടെ ഒരഗം മരിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. അതോടെ കോണ്‍ഗ്രസിന്റെ അംഗബലം നാലായി.
മൂന്നംഗമായി കുറഞ്ഞ ബിജെപിയുടെ അംഗബലം കമ്മിറ്റി മാറ്റത്തിന്റെ ഭാഗമായി വീണ്ടും രണ്ടായി കുറഞ്ഞു. ഈ ഒഴിവിലേക്ക് എല്‍ഡിഎഫ് തങ്ങളുടെ ഒരംഗത്തെ ജയിപ്പിച്ച് അംഗബലം മൂന്നാക്കി. ഇതില്‍ നിന്നാണ് ഇപ്പോള്‍ ഒരംഗത്തെ രാജിവെപ്പിച്ച് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നത്.
നാളെയാണ് തെരഞ്ഞെടുപ്പ്. അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ ജയിക്കും. അങ്ങനെ വന്നാല്‍ കമ്മിറ്റി എല്‍ഡിഎഫ് നിലനിര്‍ത്തും. ചെയര്‍മാനായി ജെ. സനില്മോന് തുടരുകയും ചെയ്യും. ജയ പ്രതീക്ഷ ഇല്ലാത്തതിനാല്‍ യുഡിഎഫ് മത്സരത്തില്‍ നിന്ന് വിട്ടു നില്കാനാകും തീരുമാനിക്കുക.
പകരം ടാക്സ് അപ്പില്‍ പിടിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഭരണകക്ഷി കൗണ്സിലര്ക്കൂടിയായ മുന്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് എം.എച്ച്.എം. അഷറഫ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചത്.
അഴിമതി ആരോപണത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ മേയറുടെ പ്രതികരണത്തോടുള്ള വിയോജിപ്പാണ് രാജിയെന്നും അഷറഫ് പറഞ്ഞു. ഇതോടെ എല്‍ഡിഎഫും യുഡിഎഫും തുല്യ നിലയിലായി. ഒരാളെ ജയിപ്പിച്ചെടുത്ത് ഭൂരിപക്ഷം നിലനിര്‍ത്താനാണ് സിപിഎം ശ്രമം.