ആക്രി ഗോഡൗണിൽ വൻ തീപിടിത്തം : 25 ലക്ഷത്തിന്റെ നാശനഷ്ടം
1492941
Monday, January 6, 2025 4:28 AM IST
അകത്ത് കുടുങ്ങിയ മൂന്ന് ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു
കാക്കനാട്: ചെമ്പുമുക്ക് മേരിമാതാ സ്കൂളിനു സമീപം പ്രവർത്തിച്ചിരുന്ന ആക്രി സംഭരണശാലയിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
തീപിടിത്തമുണ്ടാവുമ്പോൾ ഒരു മലയാളിയും രണ്ടു ബംഗാൾ സ്വദേശികളുമടക്കം മൂന്നുപേർ ഗോഡൗണിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഗോഡൗൺ ഉടമയും ആക്രി വ്യാപാരിയുമായ എം.എസ്. കബീർ പറഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ പ്ലാസ്റ്റിക്, ഇലക്ട്രോണിക് സാധനങ്ങൾ മുഴുവനായും കത്തിയമർന്നു.
60 അടിയോളം ഉയരത്തിൽ പടർന്ന തീച്ചൂടേറ്റ് സംഭരണശാലക്കു സമീപമുണ്ടായിരുന്ന 5 തെങ്ങുകളും കത്തിനശിച്ചു. പ്രദേശമാകെ പുക ഉയർന്നതോടെ ഉറവിടം അന്വേഷിച്ചെത്തിയ പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
27 സെന്റ് സ്ഥലത്താണ് ആക്രി ഗോഡൗൺ പ്രവർത്തിക്കുന്നത് തൃക്കാക്കര നഗരസഭ 41-ാംഡിവിഷനിൽ ഏഴുവർഷമായി പ്രവർത്തിച്ചിരുന്ന ഈ ആക്രി ഗോഡൗണിന് ലൈസൻസോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.
പട്ടിമറ്റം, തൃക്കാക്കര, ഗാന്ധിനഗർ, ക്ലബ് റോഡ്, ഏലൂർ, തൃപ്പൂണിത്തറ നിലയങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.