അര്ജുനന് മാസ്റ്റര്‍ സ്മാരകം നവീകരിക്കുന്നു
1492940
Monday, January 6, 2025 4:28 AM IST
കൊച്ചി: മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് എം.കെ. അര്ജുനന് മാസ്റ്ററുടെ ഓര്‍മയ്ക്കായി പള്ളുരുത്തിയില്‍ സ്ഥിതി ചെയ്യുന്ന അര്ജുനന് മാസ്റ്റര്‍ സ്മാരകം മികച്ച സൗകര്യങ്ങളോടെ നവീകരിക്കുന്നു. 1.59 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടും സ്റ്റേജുള്‍പ്പെടെ 2.69 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഒപ്പം പരമ്പരാഗത കലകളെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരികകേന്ദ്രവും നിര്‍മിക്കും.
ശില്പശാലകള്, സംഗീതസദസുകള്‍, മെഗാ ഇവന്റ്സ്, കലാ അവതരണങ്ങള്‍, എക്സിബിഷനുകള്‍, വിദ്യാഭ്യാസപരിപാടികള്‍ എന്നിവക്കായി സാംസ്കാരിക കേന്ദ്രത്തില്‍ സൗകര്യമുണ്ടാകും. ആധുനിക ടോയ്ലറ്റ് കോംപ്ലക്സ്, ഗ്രൗണ്ടിന് ചുറ്റും വാക്വേ, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ ജിം, ആംഫി തിയറ്റര്‍, കുട്ടികള്‍ക്കായി കളിയിടം, സെക്യൂരിറ്റി ക്യാബിന് എന്നിവയും ഉണ്ടാകും.
ഗ്രൗണ്ടിനു ചുറ്റും ലാന്‍ഡ് സ്കേപ്പിംഗ് നടത്തി മതില് നിര്‍മിക്കും. ഹൈമാസ്റ്റ് ലൈറ്റ്, കൂടുതല്‍ ബൊള്ളാര്‍ഡ് ലൈറ്റുകള്‍, ലാമ്പ് പോസ്റ്റുകള്‍ എന്നിവ സ്ഥാപിക്കും. സോളാര്‍ എനര്‍ജിയാകും ലൈറ്റുകള്‍ക്കായി ഉപയോഗിക്കുക.
പൊതുപരിപാടികള്‍ക്കും മറ്റുമായി ഗ്രൗണ്ട് വാടകയ്ക്ക് നല്കി വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ആറു മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. അര്‍ബന്‍ റീജുവനേഷന്‍ ആന്‍ഡ് ബ്യൂട്ടിഫിക്കേഷന് പദ്ധതിയുടെ ഭാഗമായി ജിസിഡിഎയുടെ 2023-24 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. രണ്ടരക്കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം കിഫ്ബിയുടെ അംഗീകാരം ലഭിച്ചിരുന്നു.
കസ്തൂര്‍ബ നഗര്‍ വാക്വേ
കസ്തൂര്‍ബ നഗര്‍ വാക് വേ നിര്‍മാണം പദ്ധതിക്കും കിഫ്ബിയില്‍ അംഗീകാരം ലഭിച്ചു. 75.06 ലക്ഷം ചിലവഴിച്ചാണ് വാക്ക്വേ നിര്‍മാണം. ബണ്ട് റോഡ് പദ്ധതിയുടെ ഭാഗമായി വീതി കൂട്ടുന്നതിന് ഏറ്റെടുത്തിട്ട സ്ഥലമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ശിഹാബ് തങ്ങള്‍ വാക്വേയുടെ തുടര്‍ച്ചയായി തേവര ഭാഗത്തേക്കുള്ള 135 മീറ്ററോളം വരുന്ന ഭാഗം ലാന്‍ഡ് സ്കേപ്പിംഗ് നടത്തി മനോഹരമായ വാക്ക് വേ നിര്‍മിക്കും. വാക്ക് വേയില്‍ സൈക്കിള്‍ ട്രാക്കും ഉണ്ടാകും. നടപ്പാതയിലെ ബ്രിക് ടൈലിന്റെ നിറം, മഞ്ഞ നിറം, പച്ചനിറം, ഷെയ്ഡുകള്‍ സമന്വയിപ്പിക്കും വിധമായിരിക്കും കളര്‍ തീം.
നടപ്പാതയ്ക്ക് ഇരുവശവും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബൊള്ളാര്‍ഡ് ലൈറ്റുകള്‍ സ്ഥാപിക്കും. മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കും. വേസ്റ്റ് ബിന്നുകളും ഡയമണ്ട് മെഷ് ഫെന്‍സിംഗും മനോഹരമായ ശില്പങ്ങളും സ്ഥാപിക്കും. ചെമ്പരത്തി, ചെത്തി, ബോഗന്‍വില്ല, ഇലഞ്ഞി, പഞ്ചസാര പഴം തുടങ്ങിയ ചെടികള്‍ ഉള്‍പ്പെടുത്തി നാടന്‍ ജൈവ വൈവിദ്ധ്യമെന്നപോല് ലാന്‍ഡ് സ്കെപ്പിംഗ് ചെയ്യുകവഴി ഈ ഭാഗം മനോഹരമാക്കും.
ഈ ഭാഗത്ത് ഫുഡ്കോര്‍ട്ടുകളും റെയില്‍വേ ലൈനിനു താഴെ അണ്ടര്‍ പാസ് ഉള്‍പ്പെടെയുള്ള ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കിയും ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയും വാക്ക്വേയുടെ പരിപാലനത്തിനുള്ള പണം കണ്ടെത്തും. എട്ടു മാസത്തിലുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ജിസിഡിഎക്കാണ് നിര്‍മാണ ചുമതല.