അനീതിക്കെതിരെയുള്ള മാനവികതയുടെ ചങ്ങല: ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍
1492939
Monday, January 6, 2025 4:28 AM IST
വൈപ്പിന്‍ : മുനമ്പം ഭൂപ്രശ്നമായി ബന്ധപ്പെട്ട് വൈപ്പിന്‍- മുനമ്പം സംസ്ഥാന പാതയില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല അധര്‍മത്തിനും അനീതിക്കും എതിരെയുള്ള മാനവികതയുടെയും സ്നേഹത്തിന്റെയും ചങ്ങലയാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍.
മുനമ്പം കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ സമാപനത്തില്‍ മുനമ്പം കടപ്പുറം സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീര്പ്രവാഹമാണ് മനുഷ്യച്ചങ്ങല. 610 കുടുംബങ്ങളുടെയും പേരുകള്‍ വഖഫിന്റെ രജിസ്റ്ററില്‍ നിന്ന് വെട്ടി മാറ്റുന്നതുവരെ ഈ കൂട്ടായ്മ മുനമ്പം നിവാസികള്‍ക്ക് ഒപ്പം ഉണ്ടാവുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍,
ഭൂസംരക്ഷണ സമിതി ചെയര്മാന് സെബാസ്റ്റ്യന്‍ പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നാരങ്ങാനീരു നല്‍കിയതോടെ 85ാം ദിനമായ ഇന്നലത്തെ സമരത്തിനു സമാപനമായി.