കാല് ലക്ഷം പേർ അണിനിരന്നു : മുനമ്പത്ത് ചരിത്രമായി മനുഷ്യച്ചങ്ങല
1492938
Monday, January 6, 2025 4:28 AM IST
വൈപ്പിന്‍ (കൊച്ചി): സ്വന്തം കിടപ്പാടത്തില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈപ്പിന്‍ ബേസിക് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല ചരിത്രമായി.
വൈപ്പിന്‍ സംസ്ഥാന പാതയില്‍ ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം ഭൂസമരപ്പന്തല്വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കാല് ലക്ഷത്തിലധികം ആളുകളാണ് കണ്ണികളായത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ കോട്ടപ്പുറം, കൊച്ചി രൂപതകളുടെയും വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകളുടെയും കീഴിലുള്ള ഇടവകളില്‍ നിന്നെത്തിയവര്‍ പാതയോരത്ത് അണി നിരന്നു. തുടർന്ന് നാലോടെ കൈയോട് കൈ ചേര്‍ത്ത് ചങ്ങല തീര്‍ക്കുകയായിരുന്നു.
മുനമ്പം കടപ്പുറം സമരപ്പന്തലില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മനുഷ്യ ചങ്ങലയില്‍ ആദ്യകണ്ണിയായി. ചിലയിടങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരും മറ്റു പൊതുപ്രവര്‍ത്തകരും കണ്ണികളായി. ആളുകളുടെ ബാഹുല്യം കൊണ്ട് പലയിടങ്ങളിലും മനുഷ്യമതിലുകളാണ് ദൃശ്യമായത്.
ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, പാഷനിസ്റ്റ് സെന്റ് തോമസ് വൈസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ.തോമസ് ഏനാമറ്റത്തില്,
ജനറല്‍ കൗണ്‍സിലര്‍ ഫാ. പോള്‍ ചെറുകോടത്ത്, സുല്‍ത്താന്‍പേട്ട് രൂപത പിആര്‍ഒ ഫാ. മെജോ നെടുംപറമ്പില്‍, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍, സഹവികാരി ആന്റെണി തോമസ് പോളക്കാട്ട്, ഫാ.ജോസ് കുര്യാപ്പിള്ളി, ഫാ. ജോസഫ് മാളിയേക്കല്‍, പാഷനിസ്റ്റ് സഭാ വൈദികര്‍ തുടങ്ങിയവര്‍ മുനമ്പത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നു.
ഫോര്‍ട്ട് വൈപ്പിനില്‍ നടന്ന ഉദ്ഘാടനത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം മുനമ്പം സമരപ്പന്തലില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യച്ചങ്ങലയ്ക്കു ശേഷം വൈപ്പിന്കരയിലെ വിവിധ ഇടവകകളില്‍ മുനമ്പം കടപ്പുറം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളും നടന്നു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
വൈപ്പിന്‍ : മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോര്‍ഡും കേരള സര്‍ക്കാരും അംഗീകരിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. മുനമ്പം ഭൂപ്രശ്നത്തെ തുടര്‍ന്ന് നടന്നുവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യൂ അവകാശങ്ങള്‍ എത്രയും വേഗം പുനസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങള്‍ക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്ന് ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍.ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡന് എംപി, ടി.ജെ.വിനോദ് എംഎല്‍എ, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ.തോമസ്,
കെസിബിസി ഡെപൂട്ടി സെക്രട്ടറി ജനറല്‍ ഫാ.തോമസ് തറയില്‍, ചാന്‍സിലര്‍ ഫാ.എബിജിന്‍ അറക്കല്‍, പിആര്‍ഒ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, കൊച്ചി രൂപത ചാന്‍സലര്‍ ഫാ. ജോണി സേവ്യര്‍ പുതുക്കാട്, ഫാ. ജോഷി മയ്യാറ്റില്‍,
മനുഷ്യച്ചങ്ങല കമ്മിറ്റി ചെയര്മാന് ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ ഒളിപറമ്പില്‍, ഷാജി ജോര്‍ജ്, സി.ജെ പോള്‍, റോയ് പാളയത്തില്‍, ബിജു പുത്തന്‍വീട്ടില്‍, മേരി ഗ്രേയ്സ്, എബി തട്ടാരുപറമ്പില്‍, മാത്യു ലിക്ചന്‍ റോയ്, നിക്സണ് വേണാട്ട്, ഫാ.ഫ്രാന്‍സിസ് പൂപ്പാടി എന്നിവര്‍ പ്രസംഗിച്ചു.