നാവികസേനയുടെ യുദ്ധോപകരണ പ്രദർശനം
1492560
Sunday, January 5, 2025 4:15 AM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ നാവികസേനയുടെ എക്യുപ്മെന്റ്സ് പ്രദർശനം ആറിനും ഏഴിനും കോളജിൽ നടക്കും. കോളജിലെ ഓപ്പണ്‍ ഡേയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള പ്രദർശനം കാണുന്നതിന് സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകും.
മിസൈലിന്റെ മോഡലുകൾ, മറ്റ് ആയുധങ്ങൾ, തോക്കുകൾ, ഡിസ്ട്രോയർ മോഡലുകൾ, സീമാൻഷിപ്പ് ഗിയർ തുടങ്ങിയ യുദ്ധോപകരണങ്ങളുടെ ചെറുമോഡലുകളും പ്രദർശിപ്പിക്കും. ഓപ്പണ്‍ ഡേയുടെ ഭാഗമായി കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും കാണുന്നതിനും മനസിലാക്കുന്നതിനും വിദ്യാർഥികൾക്ക് അവസരം ഒരുക്കും.
വിദ്യാർഥികളുടെ നൂതനങ്ങളായ പ്രോജക്ടുകൾ, വെർച്വൽ റിയാലിറ്റി, കോളജിലെ വിദ്യാർഥികൾ നിർമിച്ച ഓൾ ടറൈയിൻ വെഹിക്കിൾ, മറ്റ് ശാസ്ത്രീയ പ്രദർശന മോഡലുകൾ എന്നിവയും പ്രദർശനത്തിനായി സജീകരിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലു വരെയാണ് പ്രദർശന സമയം. വിദ്യാർഥികൾക്ക് നാവികസേനയിലെ അവസരങ്ങളെകുറിച്ചുള്ള അവബോധം നൽകുന്നതിനായി ഉന്നത നാവിക ഉദ്യോഗസ്ഥരും പങ്കെടുക്കും.