കരുതലും കൈത്താങ്ങും : പ്രശ്നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ ഫലപ്രദം: മന്ത്രി റോഷി അഗസ്റ്റിൻ
1492549
Sunday, January 5, 2025 4:12 AM IST
മൂവാറ്റുപുഴ: മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മൂവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി പി. രാജീവ് അധ്യക്ഷ വഹിച്ചു. അദാലത്തിൽ ഉയരുന്ന പ്രശ്നങ്ങളിൽ പൊതുവായ തീരുമാനമെടുക്കുന്നതിനു ചട്ടഭേദഗതി ഉൾപ്പടെ ചർച്ച ചെയ്യും.
നിയമവും ചട്ടവും വ്യാഖ്യാനിക്കേണ്ടതു നിയമത്തിന്റെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാകണം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്നു ജനങ്ങൾക്ക് ആശ്വാസം പകരാനാണു ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു. എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്,
മുവാറ്റുപുഴ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, കൂത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവൻ, നഗരസഭാംഗം രാജശ്രീ രാജു, തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ആർഡിഒ പി.എൻ. അനി തുടങ്ങിയവർ പങ്കെടുത്തു.
181 പരാതികൾക്ക് പരിഹാരം
മൂവാറ്റുപുഴ: കരുതലും കൈത്താങ്ങും അദാലത്തിൽ 181 പരാതികൾക്ക് പരിഹാരം. ആകെ 276 പരാതികൾ ലഭിച്ചതിൽ 241 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. 60 പേർ ഹാജരായില്ല. 105 പുതിയ അപേക്ഷകൾ ലഭിച്ചു.