റോഡിലേക്ക് ചാഞ്ഞ മരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി
1492371
Saturday, January 4, 2025 5:10 AM IST
കോതമംഗലം: വാവേലി - കുളങ്ങാട്ടുകുഴി പ്രധാന റോഡിൽ അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനിന്ന മരം അഗ്നിരക്ഷാ സേന മുറിച്ചുനീക്കി. ഇനിയും നിരവധി മരങ്ങൾ വേരുകൾ നശിച്ച് ഉണങ്ങി റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. അതും ഉടനെ തന്നെ മുറിച്ച് മാറ്റിയില്ലെങ്കിൽ ദുരന്തങ്ങൾക്ക് ഇടയാകുമെന്നാണ് വിലയിരുത്തൽ.
കോട്ടപ്പടി പഞ്ചായത്തിലെ വാവേലി കുളങ്ങാട്ടുകുഴി പ്രധാന റോഡിന്റെ അരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന അക്വേഷ്യാ മരങ്ങൾ മുറിച്ച് നീക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നമ്പർ ഇടൽ വരെ പൂർത്തിയാക്കിയവയിൽ സങ്കേതിക തടസം ഉന്നയിച്ച് വനം വകുപ്പ് തള്ളിവിടുകയാണെന്നും ആക്ഷേപമുണ്ട്.
എന്നാൽ ഫണ്ടിന്റെ അഭാവം ആണ് പലപ്പോഴും പല കാര്യങ്ങൾക്കും തടസം സൃഷ്ടിക്കുന്നത് എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മറുപടി.