പൊതുശ്മശാനം പഞ്ചായത്തിന്റെ പേരിലാക്കാൻ നടപടി സ്വീകരിക്കും
1492554
Sunday, January 5, 2025 4:12 AM IST
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് ആറൂരിൽ പൊതുശ്മശാനം നിലനിൽക്കുന്ന ഭൂമി പഞ്ചായത്തിന്റെ പേരിലാക്കുന്നത് സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കാൻ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി. രാജീവിന്റെ നിർദേശം.
ആരക്കുഴ 10-ാം വാർഡിലെ ആറൂരിൽ ശ്മശാനം സ്ഥിതി ചെയ്യുന്നത് പുറന്പോക്ക് ഭൂമിയിലാണ്. ഈ ഭൂമി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലേക്ക് മാറ്റാൻ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജാൻസി മാത്യു ആണ് പരാതിയുമായെത്തിയത്.
അരനൂറ്റാണ്ടിലധികമായി പഞ്ചായത്ത് ഉപയോഗിച്ചുവരികയാണ്. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്തതിനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. പരാതി പരിശോധിച്ച മന്ത്രി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകി.
തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി 30 നകം തീരുമാനമെടുക്കാനും മന്ത്രി നിർദേശിച്ചു.