കെ സ്വിഫ്റ്റ് : പ്ലൈവുഡ് കന്പനികൾക്ക് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കണം
1492557
Sunday, January 5, 2025 4:12 AM IST
മുവാറ്റുപുഴ: കെ സ്വിഫ്റ്റ് വഴി അനിയന്ത്രിതമായി പ്ലൈവുഡ് കന്പനികൾക്ക് ലൈസൻസ് കൊടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മന്ത്രി പി. രാജീവ് പങ്കെടുത്ത മൂവാറ്റുപുഴയിൽ നടന്ന അദാലത്തിലാണ് എംഎൽഎ ഈ വിഷയം വീണ്ടും മന്ത്രിയോട് ആവർത്തിച്ചത്.
മുന്പ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടക്കം എറണാകുളം ജില്ലയിലെ എംഎൽഎമാരെ വിളിച്ച് ചേർത്ത ചർച്ചയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിരുന്നതാണ്.
ജില്ലാ വികസന സമിതി യോഗത്തിലും എംഎൽഎ ഈ വിഷയം ഉന്നയിച്ചിരുന്നു. അതിനെ തുടർന്ന് സംസ്ഥാന പൊല്യൂഷൻ ബോർഡിൽ നിന്നുള്ള ഉത്തരവുകൾ ജില്ലാ വികസന സമിതി പരിശോധിക്കുകയും നിലവിലെ നിയമത്തിലെ പോരായ്മകൾ എംഎൽഎ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഒരു യൂണിറ്റ് വരുന്പോൾ പാലിക്കേണ്ട നിയമമാണ് നിലവിലുള്ളത്. എന്നാൽ ഒരേ സ്ഥലത്ത് മൂന്നോ നാലോ യൂണിറ്റുകൾ ഉണ്ടാവുകയും അവിടെ ഒരു ഇൻഡസ്ട്രിയൽ ക്ലസ്റ്റർ ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യം വ്യത്യസ്തമാണെന്നും അങ്ങനെ ഒന്നിലധികം യൂണിറ്റുകൾ നൽകണമെങ്കിൽ അതേക്കുറിച്ച് പരിശോധിച്ച് മാത്രം അനുമതി കൊടുക്കുന്ന പ്രത്യേക നിയമം ഉണ്ടാകണമെന്നും എംഎൽഎ നിർദ്ദേശിച്ചിരുന്നു,
തുടർന്ന് അനൂപ് ജേക്കബ് എംഎൽഎയും ഈ വിഷയത്തിൽ പ്രത്യേക നിയമം ഉണ്ടാകേണ്ടതിന്റെ അനിവാര്യതയെ പിന്തുണച്ച് സംസാരിച്ചു. ഇവ പരിഗണിച്ച് ജില്ലാ വികസന സമിതി ഇതിന് അനിവാര്യമായ നിയമ നിർമാണത്തിന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
ജില്ലയുടെ കിഴക്കൻ മേഖലയായ മൂവാറ്റുപുഴയിലെ ജനങ്ങളെ ഏറെ ബാധിക്കുന്ന വിഷയമാണിതെന്നും അന്തരീക്ഷ മലിനീകരണം മൂലം ഗ്രാമവാസികൾ രോഗികളായി മാറുകയാണെന്നും ജനങ്ങൾ ആശങ്കപ്പെടുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.