കൂത്താട്ടുകുളം എഫ്എച്ച്സി ഐസൊലേഷൻ വാർഡ് നിർമാണത്തിൽ കോടികളുടെ അഴിമതിയെന്ന്
1492376
Saturday, January 4, 2025 5:10 AM IST
കൂത്താട്ടുകുളം: കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമിച്ച ഐസൊലേഷൻ വാർഡിന്റെ നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുള്ളതായി ബിജെപി നേതൃത്വം ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിന്റെ നിലവിലെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കുന്നതിന് എത്തിയതായിരുന്നു നേതാക്കൾ.
1.79 കോടി രൂപ മുടക്കിയാണ് കൂത്താട്ടുകുളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമിച്ചിട്ടുള്ളത്. പുതുവർഷത്തോട് അനുബന്ധിച്ച് കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു നൽകിയെങ്കിലും പുതിയ കെട്ടിടം അസൗകര്യങ്ങൾ മൂലം ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതിയെ തുടർന്നാണ് ബിജെപി നേതൃത്വം ഇവിടെ എത്തിയത്.
10 ബെഡ് ആണ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവർക്കായി അഞ്ച് ശുചിമുറികളും ഉണ്ട്. ഇതിൽ രണ്ട് ശുചിമുറികൾ ഉപയോഗശൂന്യമായ നിലയിലാണ്. പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ ശുചിമുറി മാലിന്യം തളംകെട്ടി കിടക്കുന്ന നിലയിലാണ്. ഐസൊലേഷൻ വാർഡിന്റെ ഇലക്ട്രിക്കൽ റൂമും അപകടാവസ്ഥയിലാണ്.
നിർമാണം പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളിലെ പല മുറികളുടെയും താക്കോൽ എവിടെയെന്നു പോലും ജീവനക്കാർക്ക് അറിയില്ല. പല മുറികളുടെയും ജനലുകളും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.