മഞ്ഞുമ്മൽ-മുട്ടാർ റോഡ്; അലൈൻമെന്റ് പ്ലാൻ അംഗീകരിച്ചു
1492535
Sunday, January 5, 2025 3:52 AM IST
ഏലൂർ: ഏലൂർ നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ മഞ്ഞുമ്മൽ-മുട്ടാർ റോഡ് വീതി കുട്ടി നിർമിക്കുന്നതിനുള്ള അലൈൻമെന്റ് പ്ലാനിന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമായി. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിനുള്ള അലൈൻമെന്റ് പ്ലാനാണ് അംഗീകരിച്ചത്.
15 മീറ്റർ വീതിയിൽ റോഡ് വീതി കൂട്ടുന്നതിനുള്ള അലൈൻമെന്റ് പ്ലാനിനാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അനുമതി നൽകിയത്. ഫാക്ട് കവല മുതൽ മുട്ടാർ പാലം വരെയുള്ള റോഡിന്റെ ആകെ നീളം 3.509 കിലോമീറ്റർ ആണ്. നിലവിലെ വീതികുറഞ്ഞ റോഡ് രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത് പതിവായിരുന്നു.
ഓഫീസ് - സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് മൂർച്ഛിക്കുന്നത് മൂലമുള്ള പ്രയാസങ്ങളും ഏറെക്കാലമായി അലട്ടുകയായിരുന്നു. റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് 2023 - 24 സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ ടോക്കൺ അഡ്വാൻസായി വകയിരുത്തി.
തുടർ നടപടികൾ വേഗത്തിലാക്കാൻ വ്യവസായ മന്ത്രി പി. രാജീവ് നിർദേശിച്ചതിനെത്തുടർന്നാണ് അലൈൻമെന്റ് തയാറാക്കിയതും ഇപ്പോൾ അംഗീകാരം ലഭ്യമാക്കിയതും. പ്രദേശത്തെ ജനങ്ങളുടെ ദീർഘ കാലാവശ്യമാണ് യാഥാർഥ്യമാകാൻ അവസരമൊരുങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.