മഞ്ഞപ്പിത്ത ഭീതി : വെളിയത്തുനാട് മേഖലയിൽ സൂപ്പർ ക്ലോറിനേഷൻ തുടങ്ങി
1492534
Sunday, January 5, 2025 3:52 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട് മേഖലയിൽ മഞ്ഞപ്പിത്ത ഭീതിയെ തുടർന്ന് ആരോഗ്യവിഭാഗം സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. ഇന്നലെ ഇവിടെ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചിരുന്നു.
നിലവിൽ പഞ്ചായത്തിലെ പത്തോളം പേർ ആശുപ്രതിയിൽ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ രോഗം ബാധിച്ചു ചികിത്സായിലായിരുന്ന വെസ്റ്റ് വെളിയത്തുനാട് വാലത്തുവീട്ടിൽ അൻസാർ (48) മരണമടഞ്ഞത്.
കളമശേരി ഭാഗത്തെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ആളുകൾക്കും സമീപ പ്രദേശത്തെ ചില ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിച്ച ചിലർക്കുമാണു മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നത്. മഞ്ഞപ്പിത്ത ഭീതി ഉയർന്നതോടെ ആരോഗ്യ വിഭാഗം വെളിയത്തുനാട് മേഖലയിൽ പരിശോധന നടത്തി.
ഹോട്ടലുകൾക്കു പുറമേ ബേക്കറികളിലും ശീതളപാനീയ കടകളിലും പരിശോധന നടത്തിയതായി ആരോഗ്യവിഭാഗം പറഞ്ഞു. ചില കടകൾക്കു ലൈസൻസില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നതാണ്.
ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിർമാർജനവും ശരിയായ വിധത്തിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. ഉപയോഗത്തിലുള്ള കിണറുകളിലെയും ജലമുറ്റൽ കേന്ദ്രങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
വെളിയത്തുനാട് ഭാഗത്തെ 50 വീടുകളിൽ എല്ലാ ആഴ്ചകളിലും ക്ലോറിനേഷൻ നടത്തി വരുന്നതായും പ്രദേശത്തു പനി പരിശോധന ക്യാംപും ആരോഗ്യവിഭാഗം നടത്തിവരുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ ആർ.അജിത പറഞ്ഞു.
കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ പരിധിയിൽ പരിശോധന കർശനമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത നാസർ, പി.എം. മനാഫ് എന്നിവർ അറിയിച്ചു.