കൂത്താട്ടുകുളം നഗരസഭയിൽ കൗണ്‍സിൽ ഹാളിൽ കുത്തിയിരുന്ന് കൗണ്‍സിലർമാർ
1492558
Sunday, January 5, 2025 4:15 AM IST
കൂത്താട്ടുകുളം: നഗരസഭയിൽ യുഡിഎഫ് കൗണ്‍സിലർമാർ കൗണ്‍സിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു. കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.79 കോടി മുടക്കി നിർമിച്ച ഐസൊലേഷൻ വാർഡിന്റെ നിർമാണത്തിലെ അഴിമതിയെ സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ അവതരിപ്പിച്ച പ്രമേയ അവതരണം ചെയർപേഴ്സണ്‍ വിജയാ ശിവൻ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്.
തൃശൂർ ജില്ല ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്ത് പണികൾ പൂർത്തീകരിച്ചത്. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തതാണ്. 1.79 കോടി ചെലവഴിച്ച് നിർമിച്ച വാർഡിൽ 10 ബെഡാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവർക്കായി അഞ്ച് ശുചിമുറികളും ഉണ്ട്.
ഇതിൽ രണ്ട് ശുചിമുറികൾ ഉപയോഗശൂന്യമായ നിലയിലാണ്. പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ മാലിന്യം തളംകെട്ടി കിടക്കുന്ന നിലയിലാണ്. ഭിന്നശേഷിക്കാർക്ക് നിർമിച്ച ശുചിമുറിയിൽ പൈപ്പ് ബ്ലോക്കായി വെള്ളം നിറയുകയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫിൽറ്ററും പ്രവർത്തിക്കുന്നില്ല.