കൊട്ടക്കനാല് റോഡിലെ മാലിന്യം മാറി; മൂക്കു പൊത്താതെ നില്ക്കാം, സെല്‍ഫിയെടുക്കാം
1492547
Sunday, January 5, 2025 4:01 AM IST
കൊച്ചി: നഗരസഭയും ഹരിത കേരള മിഷനും ചേര്‍ന്ന് നടത്തുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കതൃക്കടവ് കൊട്ടക്കനാല് റോഡില്‍ പാലത്തിന് സമീപത്തെ മാലിന്യം നീക്കി ഉദ്യാനവും സെല്‍ഫി പോയിന്റ് ഒരുക്കി. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഡിവിഷന് കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ്, ജില്ലാ ഉപഭോക്തൃ കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, ഹരിത കേരളം മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ എസ്. രഞ്ജിനി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എം. ശ്യാംലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ച് ലോഡ് വേസ്റ്റാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. പ്ലാസ്റ്റിക് കെട്ടുകള്‍, തുണി, പഴയ കിടക്കകള്‍, പ്ലൈവുഡ് വേസ്റ്റുകള്‍ തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും റോഡിനിരുവശത്തുണ്ടായിരുന്നു. പ്രദേശത്തെ പ്രധാന സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.