നിര്‍മല വിജ്ഞാന് പുരസ്കാരം സമ്മാനിച്ചു
1492370
Saturday, January 4, 2025 4:59 AM IST
മൂവാറ്റുപുഴ: രാഷ്ട്രനിര്‍മാണത്തില്‍ നിസ്തുല സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കാനായി നിര്‍മല കോളജ് ഏര്‍പ്പെടുത്തിയ ‘നിര്‍മല വിജ്ഞാന്’ പുരസ്കാരം ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറുമായ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ക്ക് സമ്മാനിച്ചു.
50, 000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നല്കി. കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തയാറാക്കിയ ചന്ദ്രയാന്‍ -മൂന്നിന്റെ പ്രവര്‍ത്തന മാതൃകയുടെ ഉദ്ഘാടനം ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാളും കോളജ് മാനേജറുമായ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ചന്ദ്രയാന്‍ പേടക നിര്‍മാണത്തിന് നേതൃത്വം നല്കിയ അധ്യാപകരായ ഡോ. അജിത് തോമസ്, ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ടിറ്റു തോമസ് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. അവാര്‍ഡ്ദാന ചടങ്ങിനോട് അനുബന്ധിച്ച് കോളജില്‍ സയന്‍സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമായി. വിവിധ സ്കൂളുകളില്‍ നിന്നായി 2,000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കോളജില്‍ ഒരുക്കിയ ചന്ദ്രയാന്‍ പേടക മാതൃക തുടര്‍ന്നുള്ള ദിവസങ്ങളിലും കോളജില്‍ പ്രദര്‍ശിപ്പിക്കും.