റോ-റോയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്; ജീവനക്കാരന്റെ അനാസ്ഥയെന്ന് പരാതി
1492536
Sunday, January 5, 2025 3:52 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി വൈപ്പിൻ റോ-റോ വെസലിൽ നിന്ന് ഇറങ്ങവേ കയറിൽ തട്ടി വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മട്ടാഞ്ചേരി സ്റ്റാർ മൂലയിൽ സൈനുദ്ദീന്റെ ഭാര്യ സുഹറ(58)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ റോ-റോ വൈപ്പിൻ ജെട്ടിയിൽ അടുത്ത് ഇറങ്ങുന്നതിനിടെയാണ് അപകടം.
റോ-റോ വെസലിന്റെ മുന്നിൽ കുറുകെ കെട്ടുന്ന റോപ്പ് ജീവനക്കാരൻ പൊക്കിയപ്പോൾ നടന്ന് വരികയായിരുന്ന സുഹറ അതിൽ തട്ടി വീഴുകയായിരുന്നു. ആളുകൾ ഇറങ്ങുന്നതിനിടെ ഇത്തരത്തിൽ റോപ്പ് പൊക്കിയത് ജീവനക്കാരന്റെ അനാസ്ഥയാണെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും സുഹറയുടെ ഭർത്താവ് സൈനുദ്ദീൻ പറഞ്ഞു.
സുഹറയുടെ ചുണ്ട് പൊട്ടി മൂന്ന് തുന്നൽ ഇടേണ്ടതായിട്ട് വന്നു. പല്ല് ഇളകുകയും ചെയ്തിട്ടുണ്ട്. കാൽ മുട്ടിനും പരിക്കുണ്ട്. ഇവരെ ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചുണ്ടിൽ ആഴത്തിൽ മുറിവുള്ളതിനാൽ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.