വൈക്കം സന്ദർശിച്ച് യുസി കോളജ് വിദ്യാർഥികൾ
1492542
Sunday, January 5, 2025 4:01 AM IST
ആലുവ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ യൂണിയൻ ക്രിസ്ത്യൻ കോളജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി കോളജിൽ നിന്നുള്ള സംഘം ഗാന്ധിജിയുടെ പാദസ്പർശമേറ്റ വൈക്കത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ചു. വൈക്കം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കവിത രാജേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് ദളവാക്കുളം ബസ് സ്റ്റാൻഡിൽ നിന്നും പദയാത്രയായി പ്രധാന സ്ഥലങ്ങളായ വൈക്കം മഹാദേവക്ഷേത്രം, ഇണ്ടംതുരത്തി മന, തീണ്ടൽ പലക സ്പോട്ട്, സത്യാഗ്രഹ സ്മാരക ആശ്രമം സ്കൂൾ, കുടിനീർ സ്മാരകം,
പഴയ പോലീസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, വൈക്കം സത്യാഗ്രഹ സ്മാരകം, വൈക്കം ബീച്ച്, തന്തൈപ്പെരിയാർ സ്മാരകം തുടങ്ങിയവ സന്ദർശിച്ച ശേഷമാണ് അധ്യാപക-വിദ്യാർഥി സംഘം മടങ്ങിയത്.