ജിസിഡിഎ എക്സി. യോഗത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
1492528
Sunday, January 5, 2025 3:52 AM IST
കൊച്ചി: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഉമ തോമസ് എംഎല്‍എ അപകടപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിസിഡിഎയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഇരച്ചു കയറി. ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് അതിക്രമിച്ചു കയറുകയും മുദ്രാവാക്യം മുഴക്കി യോഗനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ജിസിസിഡിഎയുടെ അനാസ്ഥ മൂലം ഉമ തോമസ് അപകടപ്പെട്ടതെന്നും ജിസിഡിഎ ചെയര്മാന് അടക്കം ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയര്മാന് രാജിവയ്ക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം ജിസിഡിഎ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതിലും ചെയര്മാന് അടക്കമുള്ളവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജിസിഡിഎ പോലീസില്‍ പരാതി നല്കി. എല്ലാവിധ സീമകളും ലംഘിച്ചാണ് പ്രതിഷേധം നടത്തിയതെന്നാണ് ജിസിഡിഎയുടെ പരാതി.
ഇങ്ങനെയൊരു പ്രതിഷേധം നടക്കുമെന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ല. അപ്രതീക്ഷിതമായെത്തിയ പ്രതിഷേധക്കാര്‍ യോഗത്തിലേക്ക് അതിക്രമിച്ചു കയറി ചെയര്മാന് അടക്കമുള്ള അംഗങ്ങളെ അസഭ്യം പറയുകയും മേശയ്ക്ക് മുകളില്‍ കയറി കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കടവന്ത്ര പോലീസില്‍ നല്കിയ പരാതി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാതിഷ് സത്യന്, ജില്ലാ സെക്രട്ടറി മെവിന്‍ ജോയ്, നിയോജകമണ്ഡലം പ്രസിഡന്റ് ജെര്‍ജസ് വി. ജേക്കബ്, നേതാക്കളായ അജമല്‍ കാരക്കാടന്‍, പി.എ. ആഷിദ്, സനല്‍ തോമസ്, ആദര്‍ശ് ഉണ്ണികൃഷ്ണന്, ബി. അഷ്റഫ് തുടങ്ങിയവരാണ് സമരത്തിലുണ്ടായിരുന്നത്.