പരാധീനതകളിൽ തളർന്ന മായ രവിക്ക് അദാലത്ത് ആശ്വാസമായി
1492552
Sunday, January 5, 2025 4:12 AM IST
മൂവാറ്റുപുഴ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്നാണ് ആയവന ഷാരിമറ്റം പയ്യന്പിളളിൽ മായാ രവി അദാലത്തിനെത്തിയത്. ഭർത്താവ് രവിയും മകനും ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ നാളുകളായി ചികിത്സയിലാണ്.
ഇതിനിടയിലാണ് മകൾ പ്രസവത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിലായത്. വീട്ടുജോലിക്കു പോയാണ് മായ ഇവർക്കെല്ലാം ചികിത്സയ്ക്കും നിത്യവൃത്തിക്കുമുള്ള വരുമാനം ഉണ്ടാക്കിയിരുന്നത്. റേഷൻ കാർഡ് തരം മാറ്റിയതോടെ കൂടുതൽ ചികിത്സാനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്നതു മായക്ക് ഏറെ ആശ്വാസമാകും.
അദാലത്തിൽ 15 പിഎച്ച്എച്ച് കാർഡുകളും ഒരു അന്ത്യോദയ അന്ന യോജന കാർഡുകളുമടക്കം 16 മുൻഗണന കാർഡുകൾ മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും ചേർന്നു വിതരണം ചെയ്തു. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരും നിരാലംബരായ ആശ്രയ വിഭാഗത്തിൽപ്പെട്ടവരുമാണു മുൻഗണന കാർഡ് ലഭിച്ചവരിൽ ഏറിയ പങ്കും.