ഭരതനാട്യ പരിപാടിയിലെ സുരക്ഷാ വീഴ്ച: അന്വേഷണം പ്രഖ്യാപിച്ച് ജിസിഡിഎ
1492531
Sunday, January 5, 2025 3:52 AM IST
കൊച്ചി: മൃദംഗവിഷന് ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച് ജിസിഡിഎ. ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണ ചുമതല. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. പരിപാടിയ്ക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴാനിടയായ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എസ്. ഉഷയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. സസ്പെന്ഷന് ഓര്‍ഡര്‍ തിങ്കളാഴ്ച കൈമാറുമെന്ന് ജിസിഡിഎ സെക്രട്ടറി അറിയിച്ചു.
സ്റ്റേഡിയത്തിന്റെ ചുമതലക്കാരി എന്ന നിലയിലാണ് സസ്പെന്ഷന്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് സ്റ്റേഡിയം കായികേതര പരിപാടിക്ക് നല്‍കിയതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച ചര്‍ച്ചയും യോഗത്തിലുണ്ടായി.
നിര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായി എന്നതിന്റെ പേരില്‍ സ്റ്റേഡിയം മറ്റ് പരിപാടികള്‍ക്ക് വിട്ടു നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. ഭരതനാട്യ പരിപാടിയില്‍ സംഘാടകരുടെ ഭാഗത്തുണ്ടായ വീഴ്ചകളില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.