കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഏഴിന്
1492529
Sunday, January 5, 2025 3:52 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ അപകടത്തിന് കാരണമായ കൊച്ചിന് കോര്‍പറേഷനെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഏഴിന് രാവിലെ 10ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും കോര്‍പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗമാണ് തീരുമാനമെടുത്തത്.
മേയര്‍ക്കും കോര്പറേഷന് സെക്രട്ടറിക്കും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്. പരിപാടിക്ക് യാതൊരു മാനദണ്ഡങ്ങളും നോക്കാതെ കോര്പറേഷന് മൗനാനുവാദം നല്‍കുകയായിരുന്നു. പരിപാടി കാണാന്‍ എത്തിയവരില്‍ നിന്നും ഭീമമായ തുക ടിക്കറ്റ് ഇനത്തില്‍ വാങ്ങിയത് കോര്പറേഷന് റവന്യൂ വിഭാഗം അറിയാതെ പോയതും ഗുരുതരമായ വീഴ്ചയാണെന്ന് ആരോപിച്ചു.
എഐസിസി സെക്രട്ടറി പി.വി. മോഹനന് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്, നേതാക്കളായ എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്, കെ.പി. ധനപാലന് തുടങ്ങിയവര്‍ സംസാരിച്ചു.