മികച്ച നവാഗത സംവിധായിക മഞ്ഞപ്ര സ്വദേശിനി ജെ. ശിവരഞ്ജിനിയെ അനുമോദിച്ചു
1492545
Sunday, January 5, 2025 4:01 AM IST
മഞ്ഞപ്ര: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്കെ 2024) മലയാള സിനമയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം കരസ്ഥമാക്കിയ മഞ്ഞപ്ര മാമ്പിലായിൽ ജെ. ശിവരഞ്ജിനിയെ അനുമോദിച്ചു.ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.
വിക്ടോറിയ എന്ന ഒന്നര മണിക്കൂർ നീളുന്ന ചിത്രത്തിനാണ് ശിവരഞ്ജിനിക്ക് പുരസ്ക്കാരം ലഭിച്ചത്. സ്ത്രീകൾ മാത്രം വേഷമിട്ട ചിത്രത്തിന്റെ കഥയും ശിവരഞ്ജിനിയുടേതാണ്. ശിവരഞ്ജിനിയുടെ വസതിയിൽ വച്ചാണ് ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്.
മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പിആൻഡ്പി ജംഗ്ഷനു സമീപം മാമ്പിലായിൽ പി.കെ. ജനാർദ്ദനൻ നായരുടെയും ഗീതയുടെയും മകളാണ്. ശിവരഞ്ജിനി ബോംബെ ഐഐടി യിൽ സിനിമയിൽ ഗവേഷക വിദ്യാർഥിനിയാണ്.
കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും, പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷനുമായ ഡേവീസ് മണാളൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു.
ഷൈബി പാപ്പച്ചൻ ജോസൺ വി. ആന്റണി,പൗലോസ് കീഴ്ത്തറ, സജി കല്ലറയ്ക്കൽ, വേണുഗോപാൽ നായർ ഐക്കര, ഷീല മനോജ് പള്ളിക്ക,ഡേവീസ് ചൂരമന, ജോയ് അറയ്ക്ക എന്നിവർ പ്രസംഗിച്ചു.