വേലിയേറ്റം: പ്രതിഷേധിച്ച കൗൺസിലർ അടക്കമുള്ളവർക്കെതിരേ പോലീസ് അതിക്രമം
1492541
Sunday, January 5, 2025 4:01 AM IST
ഇടക്കൊച്ചി: ഇടക്കൊച്ചി പ്രദേശത്തെ വേലിയേറ്റം തടയാൻ സർക്കാരിന്റെയും നഗരസഭയുടെയും അടിയന്തിര നടപടി വേണമെന്നാശ്യപ്പെട്ട് പ്രതിഷേധിച്ച കൗൺസിലർ അഭിലാഷ് തോപ്പിൽ അടക്കമുള്ളവർക്ക് നേരെ പോലീസ് അതിക്രമം.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇടക്കൊച്ചി 16-ാം ഡിവിഷനിൽ ഇതുവരെയില്ലാത്ത രീതിയിൽ വേലിയേറ്റമുണ്ടായത്. കായലിൽ നിന്ന് വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ കൗൺസിലറെ വിളിച്ചു വരുത്തുകയായിരുന്നു.
കൗൺസിലറുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ കുമ്പളം ഫെറിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ വാഹനങ്ങളുടെ നീണ്ട നിര റോഡിൽ കുരുങ്ങി കിടന്നു.
സംഭവമറിഞ്ഞ് പോലീസിൻ്റെ വൻ സന്നാഹം സ്ഥലത്തെത്തി, ഇതിനിടെ പള്ളുരുത്തി സിഐ രതീഷ് ഗോപാൽ സമരക്കാരുടെ അടുക്കലേക്ക് വരികയും കൗൺസിലർക്ക് നേരെ കൈയേറ്റം നടത്തുകയായിരുന്നു. കൗൺസിലർക്ക് നേരേ കൈയേറ്റം ഉണ്ടായതോടെ സ്ത്രീകൾ അടക്കമുള്ളവർ പോലീസിനെതിരെ ബഹളം വച്ചു. വേലിയേറ്റ പ്രശ്ന പരിഹാരത്തിന് ഉറപ്പു കിട്ടാതെ പിരിഞ്ഞു പോകില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് സിഐ സംഭവ സ്ഥലത്ത് നിന്ന് മാറി നിന്നു.
ഇതിനിടെ കൊച്ചി തഹസിൽദാർ കൗൺസിലർ അഭിലാഷുമായി സംസാരിക്കുകയും ഇടക്കൊച്ചി വില്ലേജ് ഓഫീസറെ പ്രതിഷേധ സ്ഥലത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ നാട്ടുകാരോടൊപ്പം വേലിയേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ ബി. അബ്ബാസും സ്ഥലം സന്ദർശിച്ചു.
ഇതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പി.ബി. ഷഡാത്മജൻ, കെ. ഡി. അജയകുമാർ, കെ.ആർ. സുബ്രഹ്മണ്യൻ എന്നിവർക്കും പോലീസിന്റെ അക്രമത്തിൽ പരിക്കേറ്റു. കൗൺസിലർ അടക്കമുള്ളവർ കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൗൺസിലർക്കും നാട്ടുകാർക്കുമെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ഡിസിസി സെക്രട്ടറി എൻ.ആർ. ശ്രീകുമാർ എന്നിവർ പറഞ്ഞു.