ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകൾ മാർച്ച് നടത്തി
1492374
Saturday, January 4, 2025 5:10 AM IST
മൂവാറ്റുപുഴ: ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ വികസനം എഎൽഎയും നഗരസഭാ അധികൃതരും ചേർന്ന് വൈകിപ്പിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നെഹ്റുപാര്‍ക്ക് ചുറ്റി നഗരസഭാ ഓഫീസിന് മുന്നിൽ സമാപിച്ചു.
വിദ്യാലയ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മനപൂർവം വൈകിപ്പിക്കുന്ന നിലപാടാണ് മൂവാറ്റുപുഴ എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂവാറ്റുപുഴ നഗരസഭയുടെ കീഴില്‍ വരുന്ന സ്കൂളിലെ കെട്ടിട നിര്‍മാണത്തിനായി ഒരു യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ബില്‍ഡിംഗ് സെക്ഷന്‍ അസി. എന്‍ജിനീയര്‍ കഴിഞ്ഞ മാസം മൂവാറ്റുപുഴ നഗരസഭാ അധികാരികള്‍ക്ക് കത്ത് നല്‍കിയതാണ്.
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യോഗം ഇതുവരെ വിളിച്ച ചേര്‍ക്കുന്നതിന് നഗരസഭാ അധികൃതര്‍ തയാറായില്ലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
പ്രതിഷേധ സമരം സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഖില്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ നാടകമെന്ന് യൂത്ത് കോൺഗ്രസ്
മൂവാറ്റുപുഴ: ഡിവൈഎഫ്ഐയും എസ്എഫ്ഐയും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി. എംഎൽഎയ്ക്കും, മുനിസിപ്പൽ ചെയർമാനുമെതിരേയല്ല സമരം നടത്തേണ്ടത് മറിച്ച് പൊതുമരാമത്ത് വകുപ്പിനെതിരെയാണ്.
കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിന്റെ പുതിയ ബിൽഡിംഗിന്റെ ടെണ്ടർ നടപടികൾ കഴിഞ്ഞ നവംബറിൽ പൂർത്തിയായതാണ്. തിങ്കളാഴ്ച പണികൾ ആരംഭിക്കാനിരിക്കെ ഇടതുപക്ഷം സമരവുമായി രംഗത്തെത്തിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് പറഞ്ഞു.