ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1492500
Saturday, January 4, 2025 10:48 PM IST
ആലുവ: പെരുന്പാവൂർ ദേശസാത്കൃത റോഡിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ മരിച്ചു.
മാറന്പിള്ളി സ്റ്റാർ തിയറ്ററിന് സമീപം കോട്ടപ്പുറത്ത് ഞാലിൽ (താഴ്ച്ചേരിഞാലിൽ) മണി(55)യാണ് മരിച്ചത്. ചാലയ്ക്കൽ പകലോമറ്റത്തിനും എംഇഎസ് കവലയ്ക്കും ഇടയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം.
കഴിഞ്ഞ വർഷം ജനുവരിയിൽ മസ്തിഷ്കാഘാതം സംഭവിച്ച മണിയെ ഫിസിയോതൊറാപ്പിസ്റ്റിനെ കാണിച്ച ശേഷം ആലുവയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് കോട്ടയത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. മണിയുടെ ഭാര്യ അംബിക (50), മക്കളായ മനു (24), ആതിഥ്യൻ (14) എന്നിവർ ചികിത്സയിൽ തുടരുകയാണ്. മണിയും അംബികയും കോലഞ്ചേരി മെഡിക്കൽ കോളജിലും മനുവും ആതിഥ്യനും ആസ്റ്റർ മെഡിസിറ്റിയിലുമാണ്. മനുവാണ് കാർ ഓടിച്ചിരുന്നത്.
മനുവിനെ കഴിഞ്ഞ ദിവസം ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആലുവ ചുണങ്ങംവേലിയിലുള്ള ഐഎസ്ആർഒയിൽ കരാർ തൊഴിലാളിയാണ് മനു. ആതിഥ്യൻ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.