കളഞ്ഞു കിട്ടിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി
1492540
Sunday, January 5, 2025 4:01 AM IST
നെടുമ്പാശേരി : ദേശീയപാതയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണവും, വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ഉടമക്ക് തിരികെ നൽകി പ്രാദേശിക കോൺഗ്രസ് നേതാവ് മാതൃകയായി. അത്താണി കാംകോ കമ്പനിയിലെ കാന്റീൻ കരാർ ജീവനക്കാരനായ നെടുമ്പാശേരി മേയ്ക്കാട് ചുള്ളിയിൽ വീട്ടിൽ സി.കെ. ശിവൻ ശനിയാഴ്ച രാവിലെ സൈക്കിളിൽ ജോലിക്ക് പോകുമ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് പഴ്സ് റോഡിൽ വീണത്.
ഈ സമയമാണ് അങ്കമാലിയിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും മുൻ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ കപ്രശേരി സ്വദേശി ജെർളിക്ക് പഴ്സ് കിട്ടിയത്. 8,000രൂപയും, എടിഎം കാർഡും, ലോട്ടറി ടിക്കറ്റുകളും അടക്കം വിലപ്പെട്ട പല രേഖകളും അടങ്ങിയതായിരുന്നു പഴ്സ്.
ഉടനെ നെടുമ്പാശേരി സ്റ്റേഷനിലെത്തി പഴ്സ് പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ പരിശോധനയിൽ പല രേഖകൾ കിട്ടിയെങ്കിലും ഫോൺ നമ്പർ ഉണ്ടായിരുന്നില്ല. ഒടുവിൽ ആശുപത്രി ഒപി ചീട്ടിൽ നിന്ന് ലഭിച്ച മേൽവിലാസ പ്രകാരം സമീപവാസികളായ പലരുമായും പൊലീസ് ബന്ധപ്പെട്ട ശേഷമാണ് ശിവനുമായി ബന്ധപ്പെടാനായത്.
തുടർന്ന് സ്റ്റേഷനിൽ വച്ച് എഎസ്ഐമാരായ കെ.എം. ഷിഹാബ്, റോണി അഗസ്റ്റിൻ, പ്രസാദ്, സിപിഒ ഇ.പി. ഷൈജൻ എന്നിവരുടെ സാന്നിധ്യത്തിൽ കളഞ്ഞ് കിട്ടിയ പഴ്സ് ജെർളി ശിവന് കൈമാറുകയായിരുന്നു.ജെർളിയുടെ പ്രവർത്തിയെ പോലീസ് ശ്ളാഘിച്ചു.