തോട്ടാഞ്ചേരി പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി
1492368
Saturday, January 4, 2025 4:59 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി പാലം യഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പഴയ തൂക്കുപാലത്തിന് പകരം കോൺക്രീറ്റ് പാലമാണ് പുതിയതായി ഇവിടെ നിർമിക്കുക. 110 മീറ്റർ നീളവും 7.5 മീറ്റർ വീതിയും പുതിയ പാലത്തിന് ഉണ്ടാകും.
22 മീറ്റർ നീളമുള്ള 5 സ്പാനുകൾ പാലത്തിന് ബലമേകും. നിർമാണം പൂർത്തീകരിക്കപ്പെടുമ്പോൾ 2 വരിയുള്ള ഗതാഗതം ഇവിടെ യാഥാർഥ്യമാകും. 7.54 കോടി രൂപയാണ് ടെണ്ടറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക.
തോട്ടഞ്ചേരി-കടുംപിടി പ്രദേശങ്ങളെ ബന്ധിച്ച് കാളിയാർ പുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. പിഎംജിഎസ്വൈ മൂന്നാംഘട്ട പദ്ധതിയിൽ സംസ്ഥാനത്ത് അനുവദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ പാലം എന്ന പ്രത്യേകതയും തോട്ടഞ്ചേരി പാലത്തിനുണ്ട്. 2018ലെ പ്രളയത്തിലാണ് ഇവിടെയുണ്ടായിരുന്ന തൂക്കുപാലം തകരുന്നത്.