പെരുന്പാവൂരിൽ സംയുക്ത ക്രൈസ്തവ ക്രിസ്മസ് റാലിയും കാരളും നാളെ
1492367
Saturday, January 4, 2025 4:59 AM IST
പെരുമ്പാവൂര്‍: വൈഎംസിഎയുടെയും എക്യുമെനിക്കല്‍ ക്ലര്‍ജി കോണ്‍ഫറന്‍സിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത ക്രൈസ്തവ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും ദൃശ്യകലാവിരുന്നും നാളെ നടക്കും.
പെരുമ്പാവൂര്‍ മേഖലയിലെ ക്രൈസ്തവ ഇടവകകളുടേയും ആത്മീയ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സണ്‍ഡേ സ്കൂള്‍, കുടുംബ യൂണിറ്റുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടും സഹകരണത്തോടും കൂടിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 5.30ന് പെരുമ്പാവൂര്‍ യൂണിയന് ബാങ്ക് റോഡ് കല്ലുങ്കല്‍ ഓഡിറ്റോറിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന വര്‍ണാഭമായ റാലിയില്‍ നൂറുകണക്കിന് സാന്താക്ലോസുകള്‍, തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോകള്‍, കാരള്‍ സംഘങ്ങള്‍, വൈവിധ്യമാര്‍ന്ന നക്ഷത്രവിളക്കുകള്‍, റോളര്‍ സ്കേറ്റിംഗ്, ബാൻഡ് സെറ്റുകള്‍, ചെണ്ടമേളം എന്നിവ അണിനിരക്കും. തുടര്‍ന്ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം നിയുക്ത ശ്രേഷ്ഠ കാതോലിക്ക ബാവ ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമേല്‍ ക്രിസ്മസ് സന്ദേശം നല്‍കും.
സംഘാടക സമിതി ചെയര്മാന് ഫാ. ജോര്‍ജ് പുത്തന്‍പറമ്പ് അധ്യക്ഷത വഹിക്കും.
സമ്മേളനത്തില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി. തങ്കച്ചന്, ബെന്നി ബഹനാന് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, മുനിസിപ്പല്‍ ചെയര്മാന് പോള്‍ പാത്തിക്കല്‍, വൈഎംസിഎ സംസ്ഥാന ചെയര്മാന് ജോസ് നെറ്റിക്കാടന്, നാഷണല്‍ എക്സി. കമ്മിറ്റി മെമ്പര്‍ ഷെവ, അഡ്വ. സി.പി. മാത്യു എന്നിവര്‍ പങ്കെടുക്കും.
സമ്മേളനാനന്തരം വിവിധ പള്ളികള്‍ ഒരുക്കുന്ന ആകര്‍ഷകമായ ദൃശ്യകലാപരിപാടികള് ഉണ്ടായിരിക്കും. എക്യുമെനിക്കല്‍ ക്ലര്‍ജി കോണ്‍ഫറന്‍സ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ഫാ. ജോര്‍ജ് പുത്തന്‍പറമ്പ്, സെക്രട്ടറി ഫാ. ഷാജന് വി. ഏബ്രഹാം, വൈഎംസിഎ പ്രസിഡന്റ് മാത്യൂസ് ടി. ബേബി,
സെക്രട്ടറി റെജി കുര്യന്, ട്രഷറര്‍ എം.ജെ. ജോസഫ്, കോ ഓര്‍ഡിനേറ്റര്‍ പി.ഡി. പീറ്റര്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. സി.പി. മാത്യു, സാനു പി. ചെല്ലപ്പന് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.