കാലടി-മലയാറ്റൂർ തീർഥാടന പാത കൈയേറ്റം; ഉപസമിതി സർവേ പാതി വഴിയിൽ നിർത്തി
1492366
Saturday, January 4, 2025 4:59 AM IST
ആലുവ: കാലടി - മലയാറ്റൂർ തീർഥാടന പാതയിലെ കൈയേറ്റ സർവേ പാതി വഴിയിൽ നിർത്തി. റോഡിന്റെ നിലവിലെ യഥാർഥ സ്കെച്ച് തയാറാക്കി കൊണ്ടുവരാൻ അങ്കമാലി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയാറാകാതിരുന്നതിനെ തുടർന്നാണ് ഇന്നലെ രാവിലെ കാലടി ജംഗ്ഷനിൽ നടത്തിയ പരിശോധന ഉച്ചയ്ക്ക് ശേഷം ഉപേക്ഷിച്ചത്.
ആലുവ താലൂക്ക് വികസന സമിതി യോഗം ചുമതലപ്പെടുത്തിയ പതിനൊന്നംഗ ഉപസമിതിയുടെ പരിശോധനയാണ് ഇന്നലെ ഒരു ദിവസം മുഴുവൻ തീരുമാനിച്ചിരുന്നത്. ആലുവ ഭൂരേഖ തഹസിൽദാർ, അങ്കമാലി പൊതുമരാമത്ത് ഉദ്യോഗസ്ഥൻ, സർവേയർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട ഉപസമിതി അംഗങ്ങളാണ് രാവിലെ തന്നെ എത്തിയത്.
എന്നാൽ കാലഹരണപ്പെട്ട പഴയ സ്കെച്ച് കൊണ്ടുവന്നതോടെ എല്ലാം താളം തെറ്റി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എതിർത്തതോടെ സർവേ നിർത്തിവയ്ക്കുകയായിരുന്നു. ഇന്ന് നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. 35 കൈയേറ്റങ്ങളാണ് പ്രാഥമിക സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.