കടുത്ത വേലിയേറ്റം: വിഷജലം എത്തുമോയെന്ന ആശങ്കയിൽ ചെമ്മീൻ കെട്ടുകാർ
1492365
Saturday, January 4, 2025 4:59 AM IST
വൈപ്പിൻ : അമിതമായ വേലിയേറ്റം ചെമ്മീൻ പാടങ്ങൾക്ക് ഗുണകരമെങ്കിലും വിഷജലമെത്തുമോ എന്ന കടുത്ത ആശങ്കയിലാണ് വർഷക്കെട്ടും വേനൽ കാല ചെമ്മീൻ കെട്ടും നടത്തുന്ന കർഷകർ.
അമിത വേലിയേറ്റ സമയങ്ങളിലാണ് ആലുവ, എലൂർ, എടയാർ മേഖലകളിലെ ഫാക്ടറികളിൽ നിന്നും വിഷജലം കായലിലേക്ക് ഒഴുക്കി വിടാറെന്നാണ് കർഷകർ പറയുന്നത്. ഇതുമൂലം ചെമ്മീൻ പാടങ്ങളിലെ എല്ലാത്തരം മത്സ്യങ്ങളും നശിക്കുകയും ചെയ്യും.
മിക്കവർഷങ്ങളിലും ഇത് സംഭവിക്കാറുള്ള താണെങ്കിലും ഇതെല്ലാം തടയേണ്ട അധികൃതർ ഒരു നടപടിയും സ്വീകരിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. നവംബർ 15 മുതൽ ഏപ്രിൽ 15 വരെയാണ് ജില്ലയിലെ വേനൽ ചെമ്മീൻ കെട്ടുകളുടെ കാലാവധി. ഇപ്പോൾ കെട്ടു തുടങ്ങി ഒന്നര മാസമെ ആയിട്ടുള്ളു.
കാര, നാരൻ, ചെമ്മീൻ കുഞ്ഞുങ്ങളേയും, ഞണ്ടു കുഞ്ഞുങ്ങളേയുമെല്ലാം നിക്ഷേപിച്ച് കർഷകർ വിളവെടുപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് കനത്ത വേലിയേറ്റ സമയത്തുണ്ടാകുന്ന വിഷജല ഭീഷണിയെപ്പറ്റി ആശങ്ക ഉയർന്നിട്ടുള്ളത്.