എളവൂർ സെന്റ് ആന്റണീസ് പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കം
1492363
Saturday, January 4, 2025 4:59 AM IST
അങ്കമാലി: ഒരു വർഷം നീണ്ടുനിൽക്കുന്ന എളവൂർ സെന്റ് ആന്റണീസ് പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി. പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തിനും എളവൂർ ചെട്ടിക്കുന്നിൽ വിശുദ്ധ കുരിശ് സ്ഥാപിച്ചതിന്റെ ശതാബ്ദിയാഘോഷത്തിനും തുടക്കം കുറിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച് എളവൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തിയപ്പോൾ ഇടവകയിലെ വൈദികർ ചേർന്ന് ജൂബിലിത്തിരി തെളിയിച്ചു.
തുടർന്ന് നടന്ന സമൂഹബലിയോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, തിരുസ്വരൂപ ഭവന സന്ദർശനം, കപ്പൂച്ചിൻ മിഷൻ ധ്യാനം, സന്യസ്ത, വയോജന, വനിത, യുവജന, ബാലസംഖ്യ സംഗമങ്ങൾ, തുടങ്ങിയ വിവിധ പരിപാടികളാണ് ജൂബിലി വർഷത്തിൽ നടത്തപ്പെടുന്നത്.
ദീപശിഖാ പ്രയാണത്തിന് വികാരി ഫാ. ജോൺ പൈനുങ്കൽ, അസി. വികാരി ഫാ. പീറ്റർ ആലക്കാടൻ, ജനറൽ കൺവീനർ ജോർജ് മണവാളൻ, ജോയിന്റ് കൺവീനർമാരായ ബേബി ചക്യേത്ത്, സുമ പോളി, കൈക്കാരൻമാരായ കുര്യാക്കോസ് നെല്ലിശേരി, ജോയ് നെടുങ്ങാടൻ, വൈസ് ചെയർമാൻ സാന്റോ പാനികുളം തുടങ്ങിയവർ നേതൃത്വം നൽകി.