കേൾവിക്കുറവിൽ തളരാതെ, കരവിരുതിൽ വിസ്മയങ്ങളൊരുക്കുന്ന ഗോഡ്സനയ്ക്ക് ഉജ്വലബാല്യം പുരസ്കാരം
1492360
Saturday, January 4, 2025 4:45 AM IST
ഉജ്വലം ഗോഡ്സന
കൊച്ചി: വൈകല്യത്തില്‍ പതറാതെ ക്രാഫ്റ്റില്‍ മികവു തെളിയിച്ച മാണിക്കമംഗലം സെന്റ് ക്ലെയര്‍ ഓറൽ ബധിരവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗോഡ്സന ആന്റണി നിറഞ്ഞ സന്തോഷത്തിലാണ്. കേള്‍വിക്കുറവിനെ അതിജീവിച്ച് വര്‍ണക്കടലാസുകളും മുത്തുകളും കൊണ്ട് മനോഹരമായ വസ്തുക്കള്‍ ഉണ്ടാക്കുന്ന ഗോഡ്സനയെ തേടിയെത്തിയിരിക്കുന്നത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യ പുരസ്കാരമാണ്.
ശ്രീമൂലനഗരം വിന്‍സെന്റ് ഡിപോള്‍ കോളനിയിലെ ഓട്ടോ ഡ്രൈവറായ ആന്റണി- ജിന്‍സി ദമ്പതികളുടെ മകളായ ഗോഡ്സനയ്ക്ക് ജനനസമയത്തു തന്നെ കേള്‍വിക്കുറവ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹിയറിംഗ് എയ്ഡിന്റെ സഹായത്തോടെയാണ് ഗോഡ്സന കേള്‍ക്കുന്നത്. ഗോഡ്സനയിലെ കലാവൈഭവത്തെ തിരിച്ചറിഞ്ഞത് സ്കൂള്‍ അധ്യാപികയായ രേഖ ടീച്ചറാണ്.
മുത്തുകള്‍ കോര്‍ത്തിണക്കി മാലകള്‍, തെര്‍മോകോള്‍ ഉപയോഗിച്ചു വീടുകള്‍ എന്നിവയെല്ലാം ഈ കൊച്ചുമിടുക്കി മനോഹരമായി നിര്‍മിക്കും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഗോഡ്സന എപ്പോഴും മുന്നിലുണ്ടാകുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഭയ അഭിമാനത്തോടെ പറയുന്നു. ഗോഡ്മിലന്, ഗോഡ്സിയ എന്നിവരാണ് സഹോദരങ്ങള്‍.
ജില്ലയിൽ മൂന്നു പേര്‍ക്കു കൂടി പുരസ്കാരം
ഗോഡ്സനയെ കൂടാതെ ജില്ലയില്‍ നിന്ന് റൗള്‍ ജോണ്‍ അജു, ബാലാനന്ദന് അയ്യപ്പന്, നികിറ്റ സുസേന്‍ മാത്യു എന്നിവരും ഉജ്വല ബാല്യ പുരസ്കാരത്തിന് അര്‍ഹരായി. ഇടപ്പള്ളി ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ റൗള്‍ ജോണ്‍ അജു നിര്‍മിത ബുദ്ധിയെക്കുറിച്ചും ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ചും കണ്ടന്റുകൾ സൃഷ്ടിക്കുന്ന ഇൻഫ്ളുവൻസറാണ്.
ഓൺലൈൻ ക്ലാസുകൾ നൽകുന്നതിലും സജീവം. തേവയ്ക്കല്‍ വിദ്യോദ്യയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബാലാനന്ദന് അയ്യപ്പന് ചെസിലെ പ്രതിഭയാണ്. ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ റണ്ണറപ്പായിട്ടുണ്ട്. വിദേശങ്ങളിലും ചെസ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു.
മുളന്തുരുത്തി സ്വദേശിനിയായ നികിറ്റ സൂസേന് മാത്യുവിന് കേള്‍വി വെല്ലുവിളിയെ അതിജീവിച്ചു കലാ, കായിക മേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.