ഗ്രൗണ്ട് അലങ്കോലമാക്കി : ആലുവ മുനിസിപ്പൽ ഗ്രൗണ്ടിലെ പ്രഭാതസവാരിക്കാർക്കെതിരെ പരാതി
1492356
Saturday, January 4, 2025 4:45 AM IST
ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്ക് വേണ്ടിയുള്ള 22-ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ച ആലുവ മുനിസിപ്പൽ ഗ്രൗണ്ടിലെ സജ്ജീകരണങ്ങൾ അലങ്കോലമാക്കിയതിരെ സംഘാടകർ ആലുവ ടൗൺ പോലീസിൽ പരാതി നൽകി. പ്രഭാതസവാരിക്കെത്തിയ പത്തോളം പേരുടെ വിവരങ്ങൾ ഇന്നലെ രാവിലെ ഗ്രൗണ്ടിലെത്തി പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം മുതൽ മിനി മാറ്റ് മത്സരങ്ങൾ ആരംഭിച്ചതിനാൽ പ്രഭാത സവാരിക്കാർ ഗ്രൗണ്ടിന് അരികിലൂടെ മാത്രമേ നടക്കാവൂ എന്ന് സംഘാടകർ നിർദേശം നൽകിയിരുന്നു. എന്നാൽ അതവഗണിച്ച് ഫുട്ബോൾ കളിക്കുകയും ഗ്രൗണ്ടിൽ കുമ്മായം കൊണ്ട് വരച്ചവയെല്ലാം വൃത്തികേടാക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ചതോടെയാണ് സംഘാടകർ പരാതി നൽകിയത്.
നഗരസഭ ഗ്രൗണ്ട് രണ്ടാംഘട്ട നവീകരണത്തിൽ ആർട്ടിഫിഷ്യൽ ഫുട്ബാൾ ടർഫ് നിർമിക്കാൻ തീരുമാനിച്ചത് പ്രഭാതസവാരിക്കാരിൽ നിന്ന് എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ തർക്കം നിലനിൽക്കുന്നതിനാൽ ആലുവ നഗരസഭയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനായി പ്രഭാതസവാരിക്കാർ കൂട്ടമായി സമീപ പഞ്ചായത്തുകളിൽ നിന്ന് വന്ന് ഇടയ്ക്കിടയ്ക്ക് ഗ്രൗണ്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ സംഭവം.
സ്വന്തം ഗ്രാമത്തിൽ നടക്കാൻ സ്ഥലമില്ലാത്തതിനാലാണ് ആലുവയിൽ വരുന്നതെന്ന് പ്രഭാതസവാരിക്കാർ പോലീസിനോട് പറഞ്ഞു. കളിസ്ഥലമില്ലെങ്കിൽ പുതുതലമുറ മയക്കു മരുന്നിന് അടിമ ആകുമെന്നും പോലീസിന് വിശദീകരണം നൽകി. എടയപ്പുറം, അശോകപുരം, കൊടികുത്തിമല എന്നിവിടങ്ങളിലെ ഗ്രൗണ്ടുകൾ ഉപയോഗിക്കാതെ ആലുവയിലേക്ക് വരുന്നത് പദ്ധതി അട്ടിമറിക്കാനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മൈതാനത്ത് നടക്കുന്നതിന് ആർക്കും തടസമില്ലെന്നും രണ്ടാഴ്ച ടൂർണമെന്റ് നടക്കുന്നതിനാൽ ഫുട്ബോൾ കളിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്നും സംഘാടകനും മുൻ ദേശീയ താരവുമായ എം.എം. ജേക്കബ് പറഞ്ഞു. ടർഫ് നിർമിച്ചാലും പ്രഭാതസവാരിക്ക് വിലക്കോ യൂസേഴ്സ് ഫീസോ ഉണ്ടാകില്ലെന്നും ആലുവ നഗരസഭ അധികൃതരും അറിയിച്ചു.
ഒന്നര കോടി രൂപയുടെ ടർഫ് എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.