വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം: ഡിസിസി പ്രസിഡന്റ്
1492349
Saturday, January 4, 2025 4:18 AM IST
കൊച്ചി: പ്രതിഷേധം ഉയര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഒരു അച്ചടക്ക നടപടിയും അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ദേശീയ രംഗത്ത് തന്നെ മികച്ച നേട്ടങ്ങള്‍ കൊയ്ത കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസ് കായിക കേരളത്തിന്റെ അഭിമാനമാണ്.
കായിക താരങ്ങളുടെ ഭാവി നശിപ്പിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇടതു സര്‍ക്കാരിന് എന്ന് മുതലാണ് പ്രതിഷേധ സമരങ്ങളോട് അസ്വസ്ഥത തുടങ്ങിയതെന്ന് ഷിയാസ് ചോദിച്ചു.
പ്രതിഷേധ സമരങ്ങളില്‍ പുതുചരിത്രം കുറിച്ചയാളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി എടുക്കുകയല്ല, യഥാര്‍ഥ കാരണം കണ്ടെത്തി അത് ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി വേണ്ടത്.
കോണ്‍ഗ്രസ് കുട്ടികള്‍ക്കൊപ്പമാണ്. മാര്‍ ബേസില്‍ സ്കൂളിനെതിരായ വിലക്ക് പിന്‍വലിച്ചില്ലങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും. വിലക്ക് പിന്‍വലിക്കും വരെ വിദ്യാഭ്യാസ മന്ത്രിയെ ജില്ലയിലെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നല്കി.