സ്കൂൾ കായികമേള : മാർ ബേസിലിന്റെ വിലക്ക് പിൻവലിക്കാൻ മന്ത്രിക്ക് എംഎൽഎയുടെ കത്ത്
1492348
Saturday, January 4, 2025 4:18 AM IST
കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മാർ ബേസിൽ സ്കൂളിനെ അടുത്തവർഷത്തെ സ്കൂൾ കായികമേളയിൽ നിന്നു വിലക്കിയ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎ മന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകി.
കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ഒട്ടേറെ ദേശീയ -അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത മാതൃകാ വിദ്യാലയമാണ് മാർ ബേസിൽ. വിലക്കേർപ്പെടുത്തിയ നടപടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയാൽ ഒട്ടേറെ കായിക താരങ്ങളുടെ അവസരം നഷ്ടമാകുമെന്നു മാത്രമല്ല കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സംഘർഷത്തിനും കാരണമാകും. പൊതുവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയ്ക്ക് മുന്പാകെ സ്കൂൾ അധികൃതർ ക്ഷമാപണം നടത്തിയതായി അറിഞ്ഞു .
ചാമ്പ്യൻഷിപ്പ് പട്ടവുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാർഥികളുടെ പ്രതിഷേധം വൈകാരികം മാത്രമായിരുന്നു എന്ന് കണക്കാക്കി ഇപ്പോൾ എടുത്ത തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.