കലൂര്‍ സ്റ്റേഡിയം അപകടം : എം. നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
1492342
Saturday, January 4, 2025 4:18 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അനുമതിയില്ലാതെ നിര്‍മിച്ച സ്റ്റേജില്‍ നിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യസംഘാടകന്‍ മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ജില്ലാ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈമാസം ഏഴ് വരെ ഇടക്കാല ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായ ഓസ്കാര്‍ ഇവന്റ്സ് ഇന്ത്യ പ്രൊപ്രൈറ്റര്‍ വാഴക്കാല സ്വദേശി കൃഷ്ണകുമാര്‍, താല്‍ക്കാലിക വേദി തയാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗവിഷന് സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം എന്നിവരുടെ ഇടക്കാല ജാമ്യവും ഏഴു വരെ നീട്ടി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്ന ഡിസിപിയുടെ റിപ്പോര്‍ട്ട് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിക്കാട്ടി. 62000 രൂപ സംഘാടകര്‍ അടച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പറയുന്നു.
അതേസമയം ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്ന മൂന്നാം പ്രതിയായ ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്തേക്കും.
താത്കാലിക സ്റ്റേജ് നിര്‍മാണത്തിന് അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മെഗാ നൃത്തപരിപാടിയോടനുബന്ധിച്ച് ഗാലറിയില്‍ നിര്‍മിച്ച താത്കാലിക സ്റ്റേജിന് അനുമതി വേണമെന്ന വ്യവസ്ഥ സംഘാടകര്‍ ലംഘിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്.
അശാസ്ത്രീയമായാണ് താത്കാലിക സ്റ്റേജ് നിര്‍മിച്ചത്. സിമന്റ് കട്ടകളിലാണ് സ്റ്റേജ് ഉറപ്പിച്ചിരുന്നത്. ഈ സിമന്റ് കട്ടകള്‍ പൊടിഞ്ഞാല് സ്റ്റേജ് തകരാന്‍ സാധ്യതയുണ്ടായിരുന്നു. കൂടാതെ സ്റ്റേജിന് കുലുക്കവുമുണ്ടായിരുന്നു. സ്റ്റേജില്‍ നടന്നു പോകാന്‍ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയത്.
പിഡബ്ല്യുഡി റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഇക്കാര്യം വ്യക്തമായതെന്നും സ്റ്റേജില്‍നിന്ന് താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ അത് അവഗണിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി സ്റ്റേജില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. ഇന്നലെ എഴുന്നേറ്റിരുന്ന് മക്കളുമായി കൂടുതല്‍ നേരം സംസാരിച്ചു.
ശ്വാസോച്ഛാസത്തിലും വലിയ പുരോഗതിയുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഇന്ന് തന്നെ വെന്റിലേഷന് പിന്തുണ ഒഴിവാക്കും. ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയില്ല.