ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് 11.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
1492341
Saturday, January 4, 2025 4:18 AM IST
ആലുവ/കിഴക്കന്പലം: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 11.5 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളടക്കം മൂന്നുപേർ പിടിയിലായി. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഒന്പതര കിലോഗ്രാം കഞ്ചാവുമായും കിഴക്കന്പലം പള്ളിക്കുറ്റി ഭാഗത്ത് നിന്ന് രണ്ടുകിലോഗ്രാം കഞ്ചാവുമായി ആലുവ സ്വദേശിയേയുമാണ് പിടികൂടിയത്.
അഭയ പലക്ക, മന്നോസ് നായിക് എന്നീ ഒഡീഷ സ്വദേശകളെയാണ് ആലുവ എക്സൈസ് സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും ഷാലിമാർ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് മറ്റു ചിലർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്.
പള്ളിക്കുറ്റി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തു വീട്ടിൽ മുഹമ്മദ് ഫായിസി(34)നെയാണ് തടിയിട്ട പറമ്പ് പോലീസ് രണ്ടുകിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിഴക്കമ്പലം അമ്പുനാട് പള്ളിക്കുറ്റ ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് വില്പനയ്ക്കെത്തിയതാണ് പ്രതി. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
എടത്തല, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്ഐ എ.ബി. സതീഷ്, എഎസ്ഐമാരായ കെ.എ. നൗഷാദ്, കെ.ബി. ഷമീർ, സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ മുഹമ്മദ് നൗഫൽ, കെ.ആർ. വിപിൻ, മിഥുൻ മോഹൻ, റോബിൻ ജോയി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.