ഭക്ഷ്യവിഷബാധ : എൻസിസി ക്യാന്പിൽ പരിശോധന നടത്തി
1490094
Friday, December 27, 2024 3:13 AM IST
കാക്കനാട്: തൃക്കാക്കരയിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സുനിതകുമാരിയുടെ നിർദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ശശി, നഴ്സുമാരായ വിനോദിനി അജ്മിയ, അബീന, ആശാ പ്രവർത്തക നിഷാബീവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുടിവെള്ള സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കയച്ചു. കോളജിലെ താത്കാലിക അടുക്കള പ്രവർത്തിക്കുന്നില്ല.
ക്യാമ്പിൽ നിലവിൽ കേഡറ്റുകളും ഇല്ല. ഭക്ഷ്യ വിഷബാധയെ തുടർന്ന് വിവിധ പ്രായക്കാരായ100 ലേറെ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു. കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നിർദേശ പ്രകാരം ക്യാമ്പിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനകളും തുടരുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് അറിയിച്ചു.